കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ ‘ഫ്യൂച്ചര്‍ ഗെയിമിങ്’ വീണ്ടും വിവാദത്തില്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ ‘ഫ്യൂച്ചര്‍ ഗെയിമിങ്’ വീണ്ടും വിവാദത്തില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ കടുത്ത നടപടികളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തി. ഫരീദാബാദ്, ലുധിയാന, കൊല്‍ക്കത്ത, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കോയമ്പത്തൂരിലെ വീട്ടിലും ഓഫീസിലും മരുമകനും വൈസ് ജനറല്‍ സെക്രട്ടറിയുമായ ആധവ് അര്‍ജുനയുടെ ചെന്നൈയിലെ വീട്ടിലും റെയിഡുകള്‍ നടന്നു.

മാര്‍ട്ടിനും കുടുംബത്തിനും എതിരെയുള്ള അനധികൃത പണമിടപാട് കേസ് അവസാനിപ്പിച്ച കീഴ്‌കോടതി ഉത്തരവ് അടുത്തിടെ മദ്രാസ് ഹൈകോടതി റദ്ദാക്കുകയും കേസ് തുടരാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് ഇഡി വ്യാപക റെയ്ഡുകള്‍ നടത്തിയത്.

സിക്കിം ലോട്ടറിയുടെ വിതരണക്കാരായ ഫ്യൂച്വര്‍ ഗെയിമിംഗ് സൊലൂഷ്യന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും മാര്‍ട്ടിനും 2019 മുതല്‍ ഇ.ഡിയുടെ അന്വേഷണ പരിധിയിലാണ്. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടെടുക്കുകയും ചെയ്തിരുന്നു. സിക്കിം ലോട്ടറി അനധികൃതമായി കേരളത്തില്‍ വിറ്റ് സിക്കിം സര്‍ക്കാരിന് 900 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവും മാര്‍ട്ടിനെതിരെയുണ്ട്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കോയമ്പത്തൂര്‍ ആസ്ഥാനമായ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വിസസ് 1,368 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയിരുന്നു. മാര്‍ട്ടിനുമായി ബന്ധപ്പെട്ട 457 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന്റെ ഓഫിസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജൂണില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ 173 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും സിക്കിം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമവിധേയമായി ലോട്ടറി വില്‍പന അനുവദിച്ചിട്ടുണ്ട്. മാര്‍ട്ടിനാണ് ഈ ലോട്ടറി വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *