വർണവെറി ബുള്ളിയിങ്: മിഹിർ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, ആരോപണങ്ങൾ തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ; 15 കാരനെ കൊന്നതാര്?

വർണവെറി ബുള്ളിയിങ്: മിഹിർ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, ആരോപണങ്ങൾ തള്ളി ഗ്ലോബൽ പബ്ലിക് സ്‌കൂൾ; 15 കാരനെ കൊന്നതാര്?

രണ്ടാഴ്ചക്ക് മുൻപ് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യാ ചെയ്ത 15 കാരന്റെ വാർത്ത വായിച്ചപ്പോൾ ആരും ചിന്തിച്ചിരിക്കാൻ വഴിയില്ല, അത്യന്തം ഹീനമായ ആരെയും ഞെട്ടിക്കുന്ന കാരണങ്ങളാണ് അതിന് പിന്നിലുള്ളതെന്ന്. ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയുടെ ഇൻസ്റ്റഗ്രാമിൽ നിന്നും വന്ന പ്രസ് റിലീസ് വായിച്ച മലയാളികൾ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തോതോടെ സംഭവം ചർച്ചയാവുകയാണ്.

ജനുവരി 15 നാണ് എറണാകുളം തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ പഠിച്ചിരുന്ന മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി തൃപ്പൂണിത്തുറയിലെ ചോയിസ് ടവറിന്റെ 26-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ- റജ്‌ന ദമ്പതികളുടെ മകനായിരുന്നു മിഹിർ. മിഹിറിന്റെ അമ്മ റജ്‌ന അവരുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ ഇന്നലെയാണ് പ്രസ് റീലിസ് പോസ്റ്റ് ചെയ്തത്. തന്റെ മകൻ സ്‌കൂളിൽ അതിക്രൂരമായ റാഗിംഗിന് ഇരയായെന്നും അവന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം അതായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.

മിഹിർ മൂന്ന് മാസം മുമ്പ് പുതുതായി ചേർന്ന ഗ്ലോബൽ പബ്ലിക് സ്കൂ‌ളിൽ വെച്ച് ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥികളാൽ അതി ക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. മിഹിർ ശക്തമായ മാനസിക ശാരീരിക പിഡനങ്ങൾക്ക് വിധേയനായിരുന്നു, അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും ഞങ്ങൾക്ക് ലഭ്യമായ ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അത് വ്യക്തമായെന്നും വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെ പങ്കുവെച്ചുള്ള മിഹിറിന്റെ അമ്മയുടെ പോസ്റ്റിൽ പറയുന്നു.

നിറത്തിന്റെ പേരിൽ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമിൽ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റിൽ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റിൽ നക്കിക്കുകയും ചെയ്തുവെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്‌കൂളിൽ പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ അവർക്ക് സൽപ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പറയുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ഹിൽ പാലസ് പോലീസിൽ അമ്മ പരാതി നൽകിയിട്ടുണ്ട്. അവർ പങ്കുവെച്ച ആരോപണവിധേയരായ കുട്ടികളുടെ ചാറ്റുകളിൽ നിറഞ്ഞുനിൽക്കുന്നത് മരിച്ച മിഹിറിനോടുള്ള വർണവെറി നിറഞ്ഞ പരിഹാസങ്ങളാണ്. നിറത്തിന്റെ പേരിൽ വലിയ രീതിയിലുള്ള ക്രൂരത മിഹിർ നേരിട്ടിരുന്നവെന്ന് ഈ ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. മിഹിർ മാതാപിതാക്കളോട് തനിക്ക് നേരിട്ട ക്രൂരതകൾ ഒന്നും പങ്കുവെച്ചിരുന്നില്ല. മിഹിറിന്റെ മരണത്തിന് ശേഷം മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ അവർക്ക് മനസിലാക്കാൻ കഴിഞ്ഞത്. മാത്രമല്ല, സമാനമായ അനുഭവം നേരിട്ട മിഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് സ്‌കൂളിന്റെ വൈസ് പ്രിൻസിപ്പലിനെതിരെ ബാലാവകാശ കമ്മീഷനിൽ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

കേരളത്തിൽ അറിയപ്പെടുന്ന ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ സമതകളില്ലാത്ത തരത്തിലുള്ള ഈ ക്രൂരത നടന്നുവെന്നത് അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒപ്പം മിഹിറിന് നീതി ലഭിക്കാനുള്ള പോരാട്ടം സോഷ്യൽ മീഡിയയിൽ തുടങ്ങി കഴിഞ്ഞു. ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നു. നടൻ പൃഥ്വിരാജ് ഈ വിഷയത്തിലെ ഇൻസ്റ്റഗ്രം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. ”പാരന്റ്‌സ്, ഹോംസ്, ടീച്ചേഴ്‌സ്, സ്‌കൂൾസ്.. എംപതി.. ഈസ് ലെസൺ നമ്പർ 1” എന്നാണ് പൃഥ്വിരാജ് സ്റ്റോറിയിൽ കുറിച്ചത്. പൃഥ്വിരാജിന്റെ സ്റ്റോറി ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. സംഗീത സംവിധായകൻ കൈലാസ് മേനോൻ ഉൾപ്പെടെയുള്ളവർ മിഹിറിന്റെ അമ്മയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

അതേസമയം ആരോപണങ്ങൾ ഉയർന്നതോടെ പ്രതികരണവുമായി ഗോളബൽ സ്‌കൂൾ അധികൃതർ രംഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ പറയുന്നു. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സ്കൂൾ അധികൃതർ സംസാരിച്ചിരുന്നു. അവർ കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കമുള്ള തെളിവുകൾ സ്കൂൾ അധികൃതർ തന്നെ പൊലീസിന് നൽകി. റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്കൂൾ മാനേജ്മെൻ്റിനുള്ളത്. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടായാൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകും. കുട്ടികൾക്കെതിരെ തെളിവുകൾ ഇല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ സ്കൂളിനാവില്ലെന്നും ആണ് സ്കൂൾ മാനേജ്മെൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.

സംഭവം നടന്ന് 15 ദിവസങ്ങൾ കഴിഞ്ഞ് സമൂഹത്തിൽ ചർച്ചയായതിന് ശേഷമാണ് സ്‌കൂൾ അധികൃതർ ഇക്കാര്യത്തിൽ എന്തെങ്കിലുമൊരു പ്രതികരണം നടത്തുന്നത്. അതിക്രൂരവും ഹീനവുമായ ഇത്രയും പ്രവർത്തികൾ സ്‌കൂളിൽ നടന്നിട്ടും ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാനോ പൊലീസിൽ അറിയിക്കാനോയുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ പോലും സ്‌കൂൾ ചെയ്തിട്ടില്ല. വിഷയം മറച്ചുവയ്ക്കാനുള്ള സമീപനമാണ് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പരാതിപ്പെട്ട മിഹിറിന്റെ മാതാപിതാക്കളോടുള്ള സമീപനത്തിൽ സ്‌കൂളിന്റെ സൽപ്പേര് നഷ്ട്ടപ്പെടുവെന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ ഗ്ലോബൽ പബ്ലിക്ക് സ്‌കൂളിന്റെ അനാസ്ഥ ചർച്ചചെയ്യപ്പെടാതെ പോകാനാവുന്നതല്ല.

ആരോപണവിധേയരായ വിദ്യാർത്ഥികൾ ഇത്തരം ഹീനമായ കുറ്റകൃത്യം തുടർച്ചയായി ചെയ്യുകയും, ഈ രണ്ടു ആഴ്ച് മൂടിവെക്കപ്പെട്ടതുപോലെ ഇനിയും സത്യം തെളിയാതിരിക്കുകയും ചെയ്താൽ സമൂഹത്തിൽ വളർന്നു വരാൻ പോകുന്നത് കൊടും കുറ്റവാളികളായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. മറിച്ച്, ആരോപണവിധേയർ കുറ്റം ചെയ്തിട്ടില്ലെങ്കിൽ 15 വയസുള്ള ഒരാൺകുട്ടി സ്‌കൂളിൽ നിന്ന് ഉച്ചയോടെ വന്ന് ഫ്ലാറ്റിന്റെ 26 ആം നിലയിൽ നിന്ന് എടുത്തുചാടിയത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് പോലീസ് ഉത്തരം നൽകേണ്ടിവരും. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകുകയും വിശദ വിവരങ്ങൾ തെളിവുകളോടെ സമൂഹത്തിന് മുന്നിൽ ഉണ്ടായിരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്യുന്ന കേസിൽ മിഹിറിന് നീതി ലഭിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *