പഞ്ച്കുലയില്‍ മോദിയുടെ സാന്നിധ്യത്തില്‍ സെയ്‌നിയുടെ രണ്ടാമൂഴം; ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍

പഞ്ച്കുലയില്‍ മോദിയുടെ സാന്നിധ്യത്തില്‍ സെയ്‌നിയുടെ രണ്ടാമൂഴം; ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം വട്ടവും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍

ഹരിയാനയില്‍ ഭരണത്തുടര്‍ച്ച നേടിയ ബിജെപിയുടെ മുഖ്യമന്ത്രിയായി നായബ് സിങ് സെയ്‌നി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു. ഹാട്രിക് വിജയം നേടി ഹരിയാനയില്‍ റെക്കോര്‍ഡിട്ട ബിജെപിയുടെ കേന്ദ്രനേതൃത്വം ഒന്നടങ്കം പഞ്ച്കുലയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ചണ്ഡീഗഡിനടുത്തുള്ള പഞ്ച്കുലയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയും മുതിര്‍ന്ന നേതാക്കളും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 18 മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഹരിയാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 14 മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കാനാകും. നിലവില്‍ അനില്‍ വിജ്, കൃഷന്‍ കുമാര്‍ ബേദി, റാവു നര്‍ബീര്‍ സിംഗ്, കൃഷന്‍ ലാല്‍ പന്‍വാര്‍, വിപുല്‍ ഗോയല്‍ എന്നിവരാണ് സൈനി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ രണ്‍ബീര്‍ ഗാങ്വയും മുന്‍ എംപി അരവിന്ദ് ശര്‍മ്മയും മന്ത്രിസ്ഥാനങ്ങള്‍ പ്രദേശിക്കുന്ന ബിജെപിക്കാരാണ്. കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിങ്ങിന്റെ മകള്‍ ആര്‍തി റാവുവിനൊപ്പം നിരവധി വനിതാ നിയമസഭാംഗങ്ങളും കാബിനറ്റ് ബെര്‍ത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ബന്‍സി ലാലിന്റെ കൊച്ചുമകള്‍ ശ്രുതി ചൗധരിയും മന്ത്രികസേര പ്രതീക്ഷിക്കുന്നുണ്ട്.

ഭരണവിരുദ്ധ വികാരം ശക്തമായിരുന്ന ഹരിയാനയില്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം രണ്ടാം വട്ടത്തിലേക്ക് എത്തിച്ച് ഉറപ്പിച്ചു നിര്‍ത്തിയ നായബ് സിങ് സെയ്‌നിയ്ക്ക് ആശംസകളറിയിച്ചെത്തിയ എന്‍ഡിഎ സഖ്യകക്ഷികളുടെ ലക്ഷ്യം വരാനാരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ്. മഹാരാഷ്ട്രയിലെയും ജാര്‍ഖണ്ഡിലെയും നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ മെഗാ രാഷ്ട്രീയ ഒത്തുചേരല്‍ നടക്കുന്നതെന്നതിന് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. ബിജെപി എന്ന പാര്‍ട്ടി കരുത്താര്‍ജ്ജിക്കുന്നുവെന്ന് കാണിക്കാനും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണിയുടെ ശക്തിപ്രകടനവുമാണ് ഹരിയാനയില്‍ നടന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മുതല്‍ 7 വരെ ചണ്ഡീഗഡില്‍ എന്‍ഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അധ്യക്ഷനാകും. സംവിധാന്‍ കാ അമൃത് മഹോത്സവ് (ഭരണഘടനയുടെ 75 വര്‍ഷം) ആചരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തിന്റെ അനുസ്മരണവും ഉള്‍പ്പെടെ നിര്‍ണായകമായ ദേശീയ വികസന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് യോഗത്തിന്റെ അജണ്ട. കുറഞ്ഞത് 18 എന്‍ഡിഎ മുഖ്യമന്ത്രിമാരും 16 ഉപമുഖ്യമന്ത്രിമാരും സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രമാകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *