മനുഷ്യരെപ്പോലെ കുരങ്ങുകളും മറ്റു കുരങ്ങുകളെ തിരിച്ചറിയുന്നത് വിസില്‍ പോലുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ചാണെന്ന് പഠനം പറയുന്നു.

ന്യൂഡല്‍ഹി: മനുഷ്യനും ആനകളും മാത്രമല്ല മാര്‍മോസെറ്റ് കുരങ്ങുകളും പരസ്പരം പേരുകള്‍ വിളിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് പഠനം. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ ഇവയ്ക്ക് കഴിയുമെന്ന് പുതിയ പഠനം പറയുന്നു. മനുഷ്യരെപ്പോലെ കുരങ്ങുകളും മറ്റു കുരങ്ങുകളെ തിരിച്ചറിയുന്നത് വിസില്‍ പോലുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ചാണെന്ന് പഠനം പറയുന്നു.

മനുഷ്യനും ആനകള്‍ക്കും ശേഷം ഈ സ്വഭാവം പ്രകടിപ്പിക്കുന്ന മറ്റൊരു പ്രൈമേറ്റുകളായി മാറിയിരിക്കുകയാണ് മര്‍മോസെറ്റ് കുരങ്ങുകള്‍. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.സയന്‍സ് മാഗസിനില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊളറാഡോ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കെനിയയിലെ ആഫ്രിക്കന്‍ ആനകളില്‍ നടത്തിയ പഠനത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവരെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുരങ്ങുകളും ഇങ്ങനെയാണ് പരസ്പരം അഭിസംബോധന ചെയ്യുന്നതെന്ന് കണ്ടെത്തിയത്. മാര്‍മോസെറ്റുകള്‍ പരസ്പരം വ്യത്യസ്തമായി പ്രതികരിക്കുന്നതിന്റേയും അവയുടെ മറ്റ് സംഭാഷണ വിനിമയങ്ങളുടേയും റെക്കോര്‍ഡിംഗുകള്‍ ഗവേഷകര്‍ സ്വീകരിച്ചു. ഈ റെക്കോര്‍ഡിങുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ പരസ്പരം വ്യത്യസ്ത ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി.
പ്രത്യേകം തയ്യാറാക്കിയ ലാബില്‍ മാര്‍മോസെറ്റ് ജോഡികളെ പാര്‍പ്പിച്ച് അവ തമ്മിലുള്ള സംഭാഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ പകര്‍ത്തി. മൂന്ന് വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ള പത്ത് മാര്‍മോസെറ്റുകളിലാണ് പഠനം നടത്തിയത്. തുടര്‍ന്ന് എഐ ഉപയോഗിച്ച് അമ്പതിനായിരത്തിലധികം ശബ്ദങ്ങളിലെ ചെറിയ ശബ്ദ വ്യതിയാനങ്ങളെ അടക്കം അടിസ്ഥാനമാക്കി വ്യത്യസ്ത ഗ്രൂപ്പുകളായി തരംതിരിച്ചു. ഇങ്ങനെ റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങളില്‍ മൂന്ന് മാര്‍മോസെറ്റുകളുടെ പ്രതികരണങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. റെക്കോര്‍ഡ് ചെയ്ത ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കുരങ്ങുകള്‍ അവ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രതികരിച്ചെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
പഠനത്തില്‍ യുവ മാര്‍മോസെറ്റുകള്‍ അവരുടെ മാതാപിതാക്കളെ അനുകരിച്ച് കൊണ്ട് സംസാരിക്കാനുള്ള കഴിവ് നേടുന്നതായും ഗവേഷകര്‍ പറയുന്നു. സംഭാഷണത്തിനിടയില്‍ പരസ്പരം ആശയങ്ങള്‍ അവ പങ്കുവെക്കുന്നുവെന്ന് മാത്രമല്ല തങ്ങളുടെ സമീപത്തുള്ള മറ്റ് കുരങ്ങുകളുടെ സംസാരവും അവ ശ്രദ്ധിക്കുന്നു. ഒരേ കുടുംബ ഗ്രൂപ്പിലെ അംഗങ്ങളെ ഒരേ ലേബലുകളാല്‍ പരാമര്‍ശിക്കുന്നതായി കാണാമെന്നും ഗവേഷകര്‍ കണ്ടെത്തി. മനുഷ്യന്റെ പരിണാമക്കെ പഠനം പുതിയ രീതിയില്‍ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.