
30 ലക്ഷം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നുതള്ളാനൊരുങ്ങി മൊറോക്കോ. 2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായാണ് മൊറോക്കോയില്‍ മൂന്ന് ദശലക്ഷം തെരുവ് നായ്ക്കളെ കൊല്ലാന്‍ പദ്ധതിയിടുന്നത്. അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിരവധിപേരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷനായ ഫിഫയെ പ്രീതിപ്പെടുത്താനാണ് ഈ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോകകപ്പിന് മുന്നോടിയായി സ്‌റ്റേഡിയങ്ങളും ഗതാഗത ശൃംഖലകളും നവീകരിച്ചുകൊണ്ട് മൊറോക്കോ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് നായ്ക്കളെ കൊന്നൊടുക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊറോക്കോയില്‍ ഓരോ വര്‍ഷവും 3000,000 തെരുവ് നായ്ക്കള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.
കീടനാശിനിയായി ഉപയോഗിച്ചുവരുന്ന ഉയര്‍ന്ന വിഷമുള്ള രാസവസ്തുവായ സ്‌ട്രൈക്‌നൈന്‍ കുത്തിവച്ചാണ് നായ്ക്കളെ കൊല്ലുന്നത്. അതല്ലെങ്കില്‍ തെരുവില്‍ തന്നെ വെടിവച്ച് കൊല്ലുകയോ കശാപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയോ ചെയ്യും. അതേസമയം വിവാദവുമായി ബന്ധപ്പെട്ട് ഫിഫ ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല.
ലോകത്തിന്റെ എല്ലാ കോണില്‍നിന്നും കോടിക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്ന കായിക ഉത്സവമാണ് ഫിഫ ലോകകപ്പ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അപ്പുറം വിവിധ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒരുമിപ്പിക്കുകയും സമാനതകളില്ലാതെ കാണികളില്‍ ആവേശം ജനിപ്പിക്കുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക പരിപാടി കൂടിയാണിത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിനാല്‍ 2030 ഫിഫ ലോകകപ്പിന് വളരെയധികം പ്രാധാന്യമുണ്ട്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, എന്നിവയ്‌ക്കൊപ്പം 2030 ഫിഫ ലോകകപ്പിന് മൊറോക്കോ സഹ ആതിഥേയത്വം വഹിക്കും.