ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ൽ എംഎസ് ധോണിയുടെ പങ്കാളിത്തത്തെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) സിഇഒ കാശി വിശ്വനാഥൻ ഒരു വലിയ അപ്‌ഡേറ്റ് നൽകി. ഒക്ടോബർ 31 ന് മുമ്പ് തൻ്റെ ലഭ്യത സ്ഥിരീകരിക്കുമെന്ന് കീപ്പർ-ബാറ്റർ തന്നോട് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ ധോണി കളിക്കുമോ എന്നുള്ളത് വലിയ ചോദ്യമായിരുന്നു. അടുത്ത എഡിഷനിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി കീപ്പർ-ബാറ്റർ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലനിർത്തിയ കളിക്കാരെ ഫ്രാഞ്ചൈസികൾ പ്രഖ്യാപിക്കുന്ന ദിവസം മാത്രമേ തീരുമാനം ഉണ്ടാകു എന്ന് സാരം.
എല്ലാ ഫ്രാഞ്ചൈസികൾക്കും അവരുടെ റിലീസ് ചെയ്ത കളിക്കാരുടെയും നിലനിർത്തിയ കളിക്കാരുടെയും ലിസ്റ്റ് സമർപ്പിക്കാൻ ഒക്ടോബർ 31 വരെ സമയമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അടുത്തിടെ മെഗാ ലേലത്തിനായുള്ള നിയമങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിലൊരു നിയമം ധോണിക്ക് വേണ്ടി മനഃപൂർവം ഉണ്ടാക്കിയതാണ് എന്ന് വ്യക്തമായിരുന്നു.
അഞ്ച് വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാത്ത ഇന്ത്യൻ താരത്തെ അൺക്യാപ്പ്ഡ് വിഭാഗത്തിൽ നിലനിർത്താൻ ടീമിനെ നിയമം അനുവദിക്കുന്നു. നാല് കോടി രൂപയിൽ അദ്ദേഹത്തെ നിലനിർത്താൻ സാധിക്കും. ഇതിനർത്ഥം ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇപ്പോൾ ധോണിയെ അൺക്യാപ്പ്ഡ് വിഭാഗത്തിൽ നിലനിർത്താം.
എംഎസ് ധോണി കളിക്കണമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിന് ആഗ്രഹമുണ്ടെങ്കിലും കീപ്പർ-ബാറ്ററിൽ നിന്നുള്ള സ്ഥിരീകരണത്തിനായി അവർ കാത്തിരിക്കുകയാണ്. ടീമിൻ്റെ മുൻ നായകൻ തൻ്റെ ലഭ്യത ഉടൻ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രാഞ്ചൈസിയുടെ സിഇഒ കാശി വിശ്വനാഥൻ വെളിപ്പെടുത്തി.
“സിഎസ്‌കെ ടീമിൽ ധോണി കളിക്കണമെന്ന് ഞങ്ങൾക്കും ആഗ്രഹമുണ്ട്. എന്നാൽ ധോണി അത് ഞങ്ങളോട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 31-ന് മുമ്പ് ഞാൻ നിങ്ങളോട് പറയും എന്ന് ധോണി പറഞ്ഞു. അവൻ കളിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” അദ്ദേഹം പറഞ്ഞു.