
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങള്‍ രാജ്യം ഉറ്റുനോക്കുകയാണ്.
നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാര്‍ച്ച് 10ന് തുടങ്ങി ഏപ്രില്‍ 4 വരെയുണ്ടാകും.
കേന്ദ്ര ബജറ്റില്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യം പരിഗണിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്ബത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.
ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, മുണ്ടക്കൈ – ചൂരല്‍മലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 4,500 കോടി രൂപ, കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി, മനുഷ്യ- മൃഗ സംഘര്‍ഷത്തിന് പരിഹാര പദ്ധതികള്‍ക്കായി 1,000 കോടി രൂപയുടെ പാക്കേജ്, റബറിന് താങ്ങുവില ഉറപ്പാക്കാന്‍ 1,000 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കുക തുടങ്ങിയവയും കേരളത്തിന്റെ ആവശ്യങ്ങളാണ്.