ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബാറ്റർമാർ ഓസ്‌ട്രേലിയക്ക് മുന്നിൽ അടിപതറിയപ്പോൾ, ടീമിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ച് രക്ഷകനായി മാറിയ താരമാണ് നിതീഷ് കുമാർ റെഡ്‌ഡി. 150 റൺസ് കടക്കുമോ എന്ന് വരെ തോന്നിയ നിമിഷത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരെ ഭയക്കാതെ അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ അദ്ദേഹം 180 റൺസിൽ എത്തിച്ചു.
54 പന്തിൽ 3 ഫോറുകളും 3 സിക്സറുകളുമടക്കം 42 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി മാറി നിതീഷ് കുമാർ റെഡ്‌ഡി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ടെസ്റ്റിലും താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചു. ഇന്ത്യയുടെ ഭാവി ടെസ്റ്റ് ഓൾറൗണ്ടർ എന്ന വിശേഷണവും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.
നിലവിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 180 റൺസിന് ഓസീസ് പട അവസാനിപ്പിച്ചു. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സ്റ്റാർകിന്റെ പന്തുകൾക്ക് വേഗത പോരാ എന്ന ജയ്‌സ്വാളിന്റെ പരാമർശം ഇപ്പോൾ ഇന്ത്യൻ ടീമിന് പാരയായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ 6 പ്രധാന വിക്കറ്റുകൾ എടുത്തത് മിച്ചൽ സ്റ്റാർക്ക് തന്നെയായിരുന്നു. കൂടാതെ പാറ്റ് കമ്മിൻസും സ്കോട്ട് ബോളണ്ടും രണ്ട് വിക്കറ്റുകൾ വീതം നേടുകയും ചെയ്തു.
ഇന്ത്യൻ സ്കോർ:
യശസ്‌വി ജയ്‌സ്വാൾ (0), കെ എൽ രാഹുൽ (38), വിരാട് കോഹ്ലി (7), ശുഭ്മാൻ ഗിൽ (31), രോഹിത് ശർമ്മ (3), റിഷബ് പന്ത് (21), രവിചന്ദ്രൻ അശ്വിൻ (22) മുഹമ്മദ് സിറാജ് (4*), ജസ്പ്രീത് ബുംറ (0), ഹർഷിത് റാണ (0).