ശുഭ്മാൻ ഗില്ലിന് പരിക്ക് പറ്റിയ സാഹചര്യത്തിൽ ആയിരുന്നു സർഫ്രാസ് ഖാനെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. എന്തായാലും ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയ ശേഷം രണ്ടാം ഇന്നിങ്സിൽ തിരിച്ചെത്തിയ സർഫ്രാസ് 150 റൺസ് നേടി തിളങ്ങിയിരുന്നു. ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സിൽ ഒന്ന് കളിച്ചെങ്കിലും ഗിൽ വരുമ്പോൾ സർഫ്രാസിന്റെ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതൽ എന്നാണ് റിപ്പോർട്ടുകൾ. മോശം ഫോമിൽ ആണെങ്കിലും കെഎൽ രാഹുലിന് അവസരം കൂടി നൽകാനുള്ള സാധ്യതകൾ കൂടുതലാണ്.
സർഫറാസ് പുറത്താകുമെന്ന് മുൻ താരം പാർഥിവ് പറഞിരിക്കുകയാണ്, വരാനിരിക്കുന്ന മത്സരത്തിൽ ടീം മാനേജ്‌മെൻ്റ് രാഹുലിനെ പിന്തുണയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
“കെഎൽ രാഹുലിനെ ബെഞ്ചിലിരുത്തുമെന്ന് ഞാൻ കരുതുന്നില്ല. ടീം മാനേജ്‌മെൻ്റ് ഇപ്പോഴും അദ്ദേഹത്തെ വിലമതിക്കുന്നു, അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താത്തത്. വിരാട് കോഹ്‌ലിക്ക് പകരം മൂന്നാം നമ്പർ സ്ലോട്ടിൽ അദ്ദേഹത്തിന് എളുപ്പത്തിൽ ബാറ്റ് ചെയ്യാമായിരുന്നു, പക്ഷേ അത് നടന്നില്ല.”
“മൂന്നാം നമ്പർ ബാറ്ററായ ശുഭ്മാൻ്റെ പകരക്കാരനായാണ് സർഫറാസ് പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്. പൂനെ ടെസ്റ്റിൽ ഗിൽ പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തുന്നതോടെ സർഫറാസ് പുറത്തിരിക്കാൻ സാധ്യതയുണ്ട്,” പാർഥിവ് പട്ടേൽ പറഞ്ഞു.
എന്നാൽ, പാർഥിവിൻ്റെ അഭിപ്രായം അനുകൂലിക്കാതിരുന്ന ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ “ഇന്ത്യൻ ക്രിക്കറ്റിലെ അന്തരീക്ഷം പ്രധാനമായതിനാൽ അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല, അത് ഇപ്പോൾ സർഫറാസ് ഖാന് അനുകൂലമാണ്. കെ എൽ രാഹുലിന് ആത്മവിശ്വാസമില്ല, മുൻ കളിയിൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടും പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്താക്കപ്പെട്ട കരുണ് നായരുടെ അവസ്ഥ ആവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല.”
“കരിയറിൽ സ്ഥിരതയോടെ അവസരം കിട്ടാതെ കരുണിന് ഇപ്പോൾ ഇന്ത്യൻ ടീം ഒരു സ്വപ്നം മാത്രമാണ്. ആ അവസ്ഥ സർഫ്രാസിന് ഉണ്ടാകില്ല.” ആകാശ് പറഞ്ഞു.