ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലത്തിൽ യുവ ഓപ്പണർ പൃഥ്വി ഷാ വിൽക്കപ്പെടാതെ പോയത് ക്രിക്കറ്റ് വിദഗ്ധർക്കും ആരാധകർക്കും ഇടയിൽ വലിയ രീതിയിൽ ഉള്ള ചർച്ചകൾക്ക് കാരണമായി. ഒരിക്കൽ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് വിളിക്കപ്പെട്ട മുംബൈ ക്രിക്കറ്റ് താരം അടിസ്ഥാന വില 75 രൂപ ആയിരുന്നിട്ടും അദ്ദേഹത്തെ ആരും വാങ്ങാതെ പോയത് എല്ലാവർക്കും ഷോക്കായി.
ഷായെ പരിശീലിപ്പിച്ച മുൻ അസിസ്റ്റൻ്റ് കോച്ച് പ്രവീണ്‍ ആംറ, നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാൻ ഷാ സ്വയം പോരാടണമെന്ന് കരുതുന്നു. ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കവെ, 25 കാരനായ ബാറ്ററിന് കുറഞ്ഞത് 10 കിലോഗ്രാം കുറയ്‌ക്കേണ്ടതുണ്ടെന്നും പഴയ ഫോമിലേക്ക് മടങ്ങണം എന്നും പറഞ്ഞിരിക്കുകയാണ്
“സത്യസന്ധമായി പറഞ്ഞാൽ, അവൻ 10 കിലോ കുറയ്ക്കുകയും മാച്ച് ഫിറ്റ് ആകുകയും ചെയ്യുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” പ്രവീണ്‍ ആംറ പറഞ്ഞു, “അവനെ തടയുന്നത് അവൻ്റെ ഫിറ്റ്നസാണ്. അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് കഴിവിൽ ആർക്കും സംശയമില്ല. അവനെ രക്ഷിക്കാൻ അവൻ സ്വയം ഇറങ്ങി തിരിക്കണം. അല്ലാതെ ആർക്കും അദ്ദേഹത്തെ രക്ഷിക്കാൻ ആകില്ല.”
” ജിമ്മിലൊക്കെ പോയി നന്നായി അദ്ധ്വാനിക്കണം. നെറ്റ്സിൽ നന്നായി കളിക്കണം. ഷായുടെ ശത്രു ഷാ തന്നെയാണ്. ആ ശത്രുവിനെ ജയിക്കണം. അപ്പോൾ തിരിച്ചുവരാൻ സാധിക്കും.”
ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെ 1.2 കോടി രൂപ ചെലവഴിച്ച് ഐപിഎൽ 2018 ലേലത്തിനിടെ ഡൽഹി ആദ്യമായി പൃഥ്വി ഷായെ വാങ്ങിയപ്പോൾ പ്രവീണ്‍ ആംറ ഡൽഹി മാനേജ്‌മെൻ്റിൻ്റെ ഭാഗമായിരുന്നു. 2021-ൽ 15 ഇന്നിംഗ്‌സുകളിൽ നിന്ന് 479 റൺസുമായി സീസണിലെ ഏഴാമത്തെ ഉയർന്ന സ്‌കോററായി ഫിനിഷ് ചെയ്‌തതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച ഐപിഎൽ സീസൺ.
രാജ്‌കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ 134 റൺസ് നേടിയ പൃഥ്വി ഷാ 2018-ൽ ഒരു ബ്ലോക്ക്ബസ്റ്റർ ടെസ്റ്റ് അരങ്ങേറ്റവും നടത്തി. എന്നിരുന്നാലും, അതിനുശേഷം അദ്ദേഹത്തിൻ്റെ ഫോമിൽ ഇടിവ് വന്നു. പാർട്ടികളും പുറത്തുള്ള പ്രശ്നനങ്ങളും ഫിറ്റ്നസ് നോക്കാതെയുള്ള ജീവിത ശൈലിയും അദ്ദേഹത്തെ തകർത്തു.