ശുദ്ധ വായുവുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതു പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി. അതിരൂക്ഷമായ വായു മലിനീകരണത്തെ തുടർന്ന് രണ്ടു ദിവസമായി പുകമഞ്ഞിന്റെ പിടിയിലായ ഡൽഹിയുടെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു പ്രിയങ്കയുടെ എക്സ് പോസ്റ്റ്.
‘ശുദ്ധമായ വായുവും എക്യുഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ പുതപ്പ് പോലെ മൂടി നിൽക്കുന്ന പുകമഞ്ഞിൻ്റെ കാഴ്ച ഞെട്ടിക്കുന്നതാണ്.
ഡൽഹിയിലെ വായു മലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഒരു പരിഹാരം നമ്മൾ എല്ലാവരും ഒത്തുചേർന്ന് നിന്ന് കണ്ടെത്തണം. വിഷയം രാഷ്ട്രീയത്തിനപ്പുറമാണ്. പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് അപ്രായോഗികമാണ്. ഇതിന് നമ്മൾ എന്തെങ്കിലും ചെയ്‌തേ മതിയാകൂ’– എന്നായിരുന്നു പ്രിയങ്കയുടെ എക്സ് പോസ്റ്റ്.
ഡൽഹിയിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയർന്നിരിക്കയാണ്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ഇതാണ് 452 ആയി ഉയർന്നത്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് പൊടുന്നനെ അതീവ ഗുരുതര വിഭാഗത്തിലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി മലിനീകരണം രൂക്ഷമായിത്തന്നെ തുടരുകയുമാണ്. കടുത്ത പുകമഞ്ഞിൽ ദൃശ്യപരിധി കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുന്നൂറിലേറെ വിമാന സർവീസുകൾ വൈകി. ഒട്ടേറെ നടപടികൾക്ക് ശേഷവും മലിനീകരണം കുതിച്ചുയർന്നതോടെ, ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അടിയന്തര യോഗം വിളിച്ചു. ഡൽഹിയിൽ വാഹന നിയന്ത്രണം അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കും എന്നാണ് സൂചന.
കഴഞ്ഞ ദിവസം വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി മലിനീകരണം ഇല്ലാതെയാക്കാൻ എന്ത് നിലപാടാണ് എടുത്തതെന്ന് സർക്കാരിനോട് വിശദീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.