
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി രോഹിത് ശർമ്മയുടെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. രോഹിത് തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തെത്തുടർന്ന് ആദ്യ മത്സരം കളിക്കാതിരുന്നപ്പോൾ കെഎൽ രാഹുൽ ആയിരുന്നു ഓപ്പണർ. രാഹുൽ ആകട്ടെ കിട്ടിയ അവസരം മുതലെടുത്ത് നന്നായി കളിക്കുകയും ചെയ്തു. രാഹുലിന് വേണ്ടി രണ്ടാം മത്സരത്തിൽ ഇറങ്ങിയപ്പോൾ രോഹിത് തന്റെ സ്ഥാനം വിട്ടുകൊടുത്തു. ഇപ്പോഴിതാ രോഹിത്തിന്റെ ഫോമിനെക്കുറിച്ച് പോണ്ടിങ് പറഞ്ഞത് ഇങ്ങനെ:
“രോഹിത് രണ്ടാം മത്സരത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. കെ എൽ രാഹുലും യശസ്വി ജയ്‌സ്വാളും ഗംഭീരമായിരുന്നുവെന്നും ഓപ്പണിംഗ് വിക്കറ്റിൽ 201 റൺസ് കൂട്ടിച്ചേർത്തുവെന്നും എനിക്ക് അറിയാം. പക്ഷെ രോഹിത് നിങ്ങളുടെ ക്യാപ്റ്റനാണെന്നും ടീമിലെ ഏറ്റവും പരിചയസമ്പന്നരിൽ ഒരാളാണെന്നും മനസിലാക്കണം.” റിക്കി പോണ്ടിംഗ് പറഞ്ഞു.
“അവൻ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു, അത് അവൻ്റെ സാധാരണ റോളാണ്. അത് അവർ മൂന്നാം ടെസ്റ്റിൽ ചിന്തിച്ചേക്കാം. ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടേക്കാം, ”പോണ്ടിംഗ് പറഞ്ഞു. തൻ്റെ അവസാന 12 ഇന്നിംഗ്‌സുകളിൽ 11.83 ശരാശരിയിൽ 142 റൺസ് മാത്രമാണ് രോഹിത് നേടിയത്. ഇന്ത്യൻ ക്യാപ്റ്റന് തൻ്റെ ദൗർബല്യങ്ങൾ അറിയാമെന്ന് പോണ്ടിംഗ് പറഞ്ഞു.
“നിങ്ങളുടെ ഫോമിനെക്കുറിച്ച് നിങ്ങൾക്കറിയാം. നിങ്ങൾ റൺസ് നേടുന്നുണ്ടോ ഇല്ലയോ അല്ലെങ്കിൽ നിങ്ങൾ ഫോമിലാണോ അല്ലയോ എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലേ? നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് മറ്റാരെങ്കിലും നിങ്ങളോട് പറയേണ്ടതില്ല. ” പോണ്ടിങ് പറഞ്ഞു.
എന്തായാലും മൂന്നാം ടെസ്റ്റിൽ രോഹിത് ഫോമിൽ എത്തുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.