
ടി 20 ലോകകപ്പ് വിജയമൊക്കെ നേടിയെങ്കിലും പിന്നീട് അങ്ങോട്ട് രോഹിത് ശർമ്മയ്ക്ക് കഷ്ടകാലമായിരുന്നു 2024 ൽ കണ്ടത്. ഒരു നായകൻ എന്ന നിലയിലും ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും എല്ലാം രോഹിത് ഒരു വമ്പൻ പരാജയമായി മാറുന്ന കാഴ്ച്ച ടെസ്റ്റ് ക്രിക്കറ്റിൽ കണ്ടു. കിവീസിനെതിരായ പരമ്പരയിലും ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലും എല്ലാം താരം ദുരന്തമായി. ബോർഡർ ഗവാസ്‌ക്കർ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഒഴിവാക്കിയിരുന്നുവെങ്കിലും രണ്ടാം ടെസ്റ്റിൽ രോഹിത് തിരിച്ചെത്തി . എന്നിരുന്നാലും, ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ പെർത്തിൽ നടന്ന ടെസ്റ്റ് വിജയിച്ചതിന് ശേഷം, ശേഷം സന്ദർശകർക്കും രോഹിത്തിനും കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
രോഹിതിൻ്റെ പ്രകടനത്തിൽ നിരാശരായ പലരും അദ്ദേഹത്തെ പരമ്പര തോൽവിക്ക് പിന്നാലെ വിമർശിച്ചു. അതിൽ ഏറ്റവും രൂക്ഷമായി വിമർശനം ഉന്നയിച്ചത് സുനിൽ ഗവാസ്‌ക്കർ ആയിരുന്നു. എന്നിരുന്നാലും, പുതിയ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹം ഗവാസ്‌കറിനെതിരെ പരമോന്നത ക്രിക്കറ്റ് ഭരണ സമിതിയായ ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) യിൽ ഔദ്യോഗിക പരാതി നൽകിയതായി വാർത്ത വരുന്നു.
BGT 2024-25 (ബോർഡർ-ഗവാസ്‌കർ ട്രോഫി) സമയത്ത് മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 6.00 എന്ന ശരാശരിയിൽ 31 റൺസ് മാത്രമാണ് ശർമ്മയ്ക്ക് നേടാനായത്. തൽഫലമായി സുനിൽ ഗവാസ്‌കർ താരത്തെ വിമർശിച്ചു. അവസാന ടെസ്റ്റിൽ കളിക്കാതെ രോഹിത് ഒളിച്ചോടി എന്ന് ഉൾപ്പടെ പറയുകയും ചെയ്തു. ടെസ്റ്റിൽ രോഹിത് ശർമ്മ സ്ഥിരമായി മാറി നിൽക്കണം എന്നും ഈ ദുരന്ത പ്രകടനം തുടർന്നിട്ട് കാര്യമില്ല എന്നുമൊക്കെ പറഞ്ഞു.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഈ കടുത്ത വിമർശനം രോഹിത്തിന് അത്ര ഇഷ്ടമായില്ല. അനാവശ്യമായ രീതിയിൽ തന്റെ ബാറ്റിംഗിനെക്കുറിച്ച് സംസാരിച്ച ഇതിഹാസത്തിനെതിരെ പരാതി പറയുന്നതിലേക്ക് ഇത് താരത്തെ നയിച്ചു. “സുനിൽ ഗവാസ്‌കർ തന്നെ ആ രീതിയിൽ വിമർശിക്കേണ്ട ആവശ്യമില്ലെന്ന് രോഹിത്തിന് തോന്നി, അതുകൊണ്ടാണ് ഗവാസ്‌കറിനെതിരെ ബിസിസിഐക്ക് പരാതി നൽകിയത്. ഒരുപാട് ബാഹ്യശക്തികൾ വെറുതെ അഭിപ്രായം പറയുന്നത് തനിക്ക് സമ്മർദ്ദം കൂട്ടുന്നു എന്ന് രോഹിത് പറഞ്ഞു ”റിപ്പോർട്ടിൽ പറഞ്ഞു.