ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണോത്സുകമായ ഷോട്ടുകളെ ആശ്രയിക്കാതെ പ്രതിരോധ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് രോഹിത് ശർമ്മയെ ഉപദേശിച്ചു. ന്യൂസിലൻഡിനെതിരായ മുംബൈ ടെസ്റ്റിൽ രോഹിത് ശർമ്മ നിരാശപ്പെടുത്തി പുറത്തായതിന് പിന്നാലെ, ദിനേഷ് കാർത്തിക് മുൻ സഹതാരത്തിന്റെ ബാറ്റിംഗ് സമീപനത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
വിജയത്തിനായി 147 റൺസ് മാത്രം പിന്തുടർന്ന രോഹിത് തുടക്കം മുതൽ ആക്രമിച്ചു. നായകൻ രണ്ട് ബൗണ്ടറികൾ അടിച്ചു തകർത്തെങ്കിലും ശേഷം അശ്രദ്ധമായ സമീപനം 11 പന്തിൽ 11 റൺസ് മാത്രം നേടിയ ശേഷം പുറത്താകാൻ കാരണമായി. 121 റൺസിന് ഓൾഔട്ടായ ഇന്ത്യക്ക് അദ്ദേഹത്തിൻ്റെ പുറത്താകൽ നാശത്തിന് കാരണമായി.
സമ്മർദം നേരിടുമ്പോൾ രോഹിത് ശർമ്മ ആക്രമണ ഷോട്ടുകളെ ആശ്രയിക്കാറുണ്ടെന്നും അത് പുറത്താകലിലേക്ക് നയിക്കുമെന്നും ക്രിക്ബസ് പോസ്റ്റ് ഗെയിമിൽ സംസാരിക്കവെ ദിനേഷ് കാർത്തിക് പറഞ്ഞു. സമീപനം ടെസ്റ്റ് ക്രിക്കറ്റിൻ്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ രോഹിത് തൻ്റെ തന്ത്രം പുനഃപരിശോധിക്കണമെന്ന് കാർത്തിക് പറഞ്ഞു.
“ടെസ്റ്റ് ക്രിക്കറ്റിൽ, എനിക്ക് തോന്നുന്നത് അവൻ പണി കിട്ടുമ്പോൾ തന്റെ സേഫ് ഗെയിം കളിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ കളിക്കുന്നത് പോലെയല്ല ടെസ്റ്റിൽ. സഹാചര്യം അനുസരിച്ച് കളിച്ചില്ലെങ്കിൽ ഉറപ്പായിട്ടും പണി കിട്ടും. രോഹിത് ആക്രമണ തന്ത്രം സാഹചര്യം നോക്കി മാത്രം കളിക്കണം” കാർത്തിക് പറഞ്ഞു.
“രോഹിത് ശർമ്മയുടെ കാര്യത്തിൽ, അവൻ്റെ സുരക്ഷിതമായ ഇടം ഇപ്പോൾ ആക്രമണമാണ് എന്ന് ഞാൻ കരുതുന്നു. അപ്പോൾ, ആ വിജയം കണ്ടതിനാൽ അയാൾക്ക് കൂടുതൽ സുഖം തോന്നുന്നു. പക്ഷേ അത് ശരിയാകാതെ വരുമ്പോൾ മറുതന്ത്രം അവന്റെ കൈയിൽ ഇല്ല. അത് പ്രശ്നമാണ് ”അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ഫോർമാറ്റ് നോക്കാതെ ഒരേ തന്ത്രത്തിൽ കളിക്കുന്ന ഈ ശൈലി മറന്ന് ഓസ്‌ട്രേലിയയിൽ എങ്കിലും മറുതന്ത്രം രോഹിത് ഒരുക്കിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ഉറപ്പാണ്.