യുക്രൈനുമായുള്ള യുദ്ധം തുടരുന്നതിനിടെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇൻ്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് പ്രസിഡൻ്റ് വ്ളാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ റഷ്യ പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്കോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ പുടിൻ നേരത്തെ തന്നെ നൽകിയിരുന്നതായി എഎഫ്പി അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുദ്ധത്തിൽ നാറ്റോ സഖ്യം ദീർഘദൂര ക്രൂസ് മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈനൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങൾക്ക് പിന്നാലെയാണ് റഷ്യ ആണവായുധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിവരം.
ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുടിൻ പറഞ്ഞു. തങ്ങൾ പുതിയൊരു ആയുധ മത്സരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പുടിൻ, എന്തിനും തയ്യാറായി നിൽക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.