ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് 25 റൺസ് തോൽവി. 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം 121 റൺസിന് ഓൾഔട്ടായി. ഇതോടെ പരമ്പര 3-0 ന് കിവീസ് തൂത്തുവാരി. അർദ്ധ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പനേരമെങ്കിലും പിടിച്ചുനിന്നത്. 57 പന്തുകൾ നേരിട്ട താരം 64 റൺസെടുത്തു പുറത്തായി.
ക്യാപ്റ്റൻ രോഹിത് ശർമ 11, യശസ്വി ജയ്‌സ്വാൾ അഞ്ച്, ശുഭ്മൻ ഗിൽ ഒന്ന്, വിരാട് കോഹ്‌ലി ഒന്ന്, സർഫറാസ് ഖാൻ ഒന്ന്, ജഡേജ ആറ്, ആർ അശ്വിൻ എട്ട്, വാഷിംഗ്ടൺ സുന്ദർ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. കിവീസിനായി അജാസ് പട്ടേൽ ആറ് വിക്കറ്റ് വീഴ്ത്തി. ഗ്ലെൻ ഫിലിപ്സ് മൂന്നും മാറ്റ് ഹെന്റി ഒരു വിക്കറ്റും വീഴ്ത്തി. ഈ പരമ്പര തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനൽ സാധ്യത തുലാസിലാക്കി. ബോർഡർ-ഗവാസ്കർ ട്രോഫിയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ കളിയും വെച്ച് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകാതിരിക്കുന്നതാകും നല്ലതെന്നാണ് ആരാധകർ പറയുന്നത്.
സഞ്ജു സാംസൺ ഉൾപ്പടെ ഉള്ള യുവതാരങ്ങൾ ഇന്ത്യൻ ടീമിലേക്ക് വരേണ്ട സമയം ആയെന്നും സീനിയർ താരങ്ങൾ മാറി നിൽക്കണം എന്നും പറഞ്ഞിരിക്കുകയാണ് മുൻ കിവി താരം സൈമൺ ഡൂൾ. സ്പിൻ നന്നായി കളിക്കുന്ന താരങ്ങൾ ഇപ്പോൾ കുറവാണെന്നും സഞ്ജു അതിൽ മിടുക്കൻ ആണെന്നും സൈമൺ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
”സ്പിന്നർമാരെ നന്നായിട്ട് കളിക്കുന്ന താരങ്ങൾ ഇന്ത്യൻ ടീമിൽ വരണം. സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർ അതിന് പറ്റിയ താരങ്ങളാണ്. ഇരുവരേയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണണം.” ഡൂൾ വ്യക്തമാക്കി.
സ്പിൻ ഒരു കാലത്ത് നന്നായി കളിച്ചിരുന്ന ഇന്ത്യൻ താരങ്ങൾ അത് മറന്നപ്പോൾ സഞ്ജു ഉൾപ്പടെ ഉള്ള താരങ്ങൾക്ക് അവസരം കിട്ടും എന്ന് കരുതാം.