42 സർവീസ്, കേരളത്തിൽ 7 സ്റ്റോപ്പുകൾ; മലയാളികൾക്ക് ആശ്വാസം, സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി റെയിൽവേ, സമയക്രമം വിശദമായി അറിയാം

42 സർവീസ്, കേരളത്തിൽ 7 സ്റ്റോപ്പുകൾ; മലയാളികൾക്ക് ആശ്വാസം, സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി റെയിൽവേ, സമയക്രമം വിശദമായി അറിയാം

കൊച്ചി: ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി ദക്ഷിണ റെയിൽവേ. താംബരം – തിരുവനന്തപുരം നോർത്ത് – താംബരം എസി എക്സ്പ്രസിൻ്റെ ( 06035/36) സർവീസാണ് റെയിൽവേ നീട്ടിയത്. താംബരത്ത് നിന്ന് പുറപ്പെട്ട് ചെങ്കോട്ട, പുനലൂർ വഴി സർവീസ് നടത്തുന്ന ട്രെയിൻ തെക്കൻ കേരളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന ആശ്രയമാണ്. ട്രെയിൻ സർവീസ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യങ്ങൾക്കിടെയാണ് സർവീസ് നീട്ടി ഉത്തരവിറക്കിയത്.

ജനുവരി 31 വരെയായിരുന്ന താംബരം – കൊച്ചുവേളി സ്പെഷ്യ ൽ ട്രെയിൻ സർവീസ് ജൂൺ 27 വരെയാണ് നീട്ടിയത്. ഫെബ്രുവരി രണ്ട് വരെയുണ്ടായിരുന്ന കൊച്ചുവേളി – താംബരം സർവീസ് ജൂൺ 29 വരെയും നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 21 സർവീസുകൾ വീതം, ഇരുദിശകളിലേക്കുമായി 42 സർവീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക.

റെയിൽവേ മന്ത്രാലയത്തിൽ താൻ നടത്തിയ ഇടപെടലുകൾക്ക് പിന്നാലെയാണ് സർവീസ് നീട്ടിയുള്ള അറിയിപ്പ് ലഭിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ‘കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യപ്രകാരം റെയിൽവേ മന്ത്രാലയത്തിൽ നടത്തിയ ഇടപെടലിൻ്റെ ഭാഗമായി 06035/36 താംബരം – തിരുവനന്തപുരം നോർത്ത് – താംബരം എസി എക്സ്പ്രസിൻ്റെ സർവീസ് കാലയളവ് ജൂൺ 2025 വരെ നീട്ടിയതായുള്ള അറിയിപ്പ് ലഭിച്ചു.’ മാവേലിക്കര എംപി പറഞ്ഞു.

നിലവിൽ വീക്കിലി സ്പെഷ്യൽ ട്രെയിനായി സർവീസ് നടത്തുന്ന ഈ ട്രെയിൻ ഈ റൂട്ടിൽ സ്ഥിരം ആക്കണമെന്ന് ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. കൊല്ലം – പുനലൂർ – ചെങ്കോട്ട റെയിൽ പാതയിലെ ചെന്നൈ താംബപരം – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്‌ സ്ഥിരം സർവീസ് ആക്കണമെന്ന് ആവശ്യം യാത്രക്കാർ നേരത്തെ ഉയർത്തുന്നുണ്ട്. 2024 ഏപ്രിലിൽ ആരംഭിച്ച സർവീസ് യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്.

നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് താംബരം – തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൻ്റെ സർവീസ്. മീറ്റർഗേജ് ആയിരുന്നപ്പോൾ പാതയിലൂടെ രണ്ട് ചെന്നൈ സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ ബ്രോഡ്ഗേജ് പാതയാക്കി മാറ്റി 2018ൽ കമീഷൻ ചെയ്തശേഷം ചെന്നൈയിലേക്ക് ഒരു സർവീസ്‌ മാത്രമായി ചുരുങ്ങി. രണ്ടാമത്തെ സർവീസ് പുനഃരാരംഭിക്കാൻ റെയിൽവേ ഇതുവരെ തയ്യാറായിട്ടില്ല.

എസി എക്സ്പ്രസ് സർവീസ് വീക്കിലി ട്രെയിനായി ആരംഭിച്ചപ്പോൾ ഭാവിയിൽ എല്ലാദിവസവും ഓടുമെന്നായിരുന്നു യാത്രക്കാർ പ്രതീക്ഷിച്ചത്‌. എന്നാൽ, കഴിഞ്ഞ 10 മാസമായി സ്പെഷ്യൽ സർവീസായാണ്‌ ഓടുന്നത്‌. തെക്കൻ കേരളത്തിലെ വിവിധ ജില്ലക്കാർക്കും തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും ചെന്നൈയിലേക്ക് പോകാനും തിരികെവരാനും ഉപകാരപ്പെടുന്ന ട്രെയിനാണ് ഇത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാരാണ്‌ ഈ ട്രെയിനിനെ കൂടുതലും ആശ്രയിക്കുന്നത്‌. പുനലൂർ 08:25 , ആവണീശ്വരം 08:40, കൊട്ടാരക്കര 08:53, കുണ്ടറ 09:08, കൊല്ലം ജങ്ഷൻ 10:00, വർക്കല ശിവഗിരി 10:25 എന്നിവിടങ്ങിലാണ് തിരുവനന്തപുരം നോർത്തി (11:30) ലേക്കുള്ള ട്രെയിനിൻ്റെ സ്റ്റോപ്പുകൾ. 3 ഇ ക്ലാസ് കോച്ചിന് താംബരത്ത് നിന്ന് കൊച്ചുവേളിയിലേക്ക് 1355 രൂപയാണ് ടിക്കറ്റ് നിരക്ക്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *