
സിപിഎം പ്രവർത്തകൻ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ വിനോഭായിയെ സുപ്രീംകോടതി വെറുതെ വിട്ടു. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2010 ൽ നടന്ന കൊലക്കേസിലാണ് പ്രതിയെ വെറുതെവിട്ടത്.
കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച വിനോഭായ് 13 വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു. കൊരട്ടി സ്വദേശിയായ കൊല്ലപ്പെട്ട രാമകൃഷ്ണൻ നേരത്തെ വിനോഭായിയുടെ ജേഷ്ഠ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു. എന്നാൽ രാമകൃഷ്ണനെ പിന്നീട് കൊലക്കേസിൽ കോടതി വെറുതെ വിട്ടിരുന്നു. ഇതിന്റെ പകയിലാണ് വിനോഭായ് കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ കേസിലെ സാക്ഷികളായ രണ്ട് പേരുടെ മൊഴിയിലെ വൈരുദ്ധ്യം വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി. ജീവപര്യന്തം ശിക്ഷക്കെതിരെ എട്ടു വർഷം മുൻപ് നൽകിയ അപ്പിലീലാണ് ജസ്റ്റിസ് അഭയ് എസ് ഓകാ അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കിയത്. നേരത്തെ അപ്പീൽ ഹർജി നൽകിയ പ്രതി ജാമ്യം തേടിയിരുന്നെങ്കിലും കോടതി നൽകിയിരുന്നില്ല. കേസിൽ വിനോഭായ്ക്കായി അഭിഭാഷകൻ അതുൽ ശങ്കർ വിനോദാണ് ഹാജരായത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദും ഹാജരായി.