തടവറയിലെ തൊഴിൽ വിവേചനം ഇനി വേണ്ട, ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇല്ലാതാക്കാൻ സുപ്രീംകോടതി ഉത്തരവ്

തടവറയിലെ തൊഴിൽ വിവേചനം ഇനി വേണ്ട, ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇല്ലാതാക്കാൻ സുപ്രീംകോടതി ഉത്തരവ്

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളങ്ങള്‍ ഇല്ലാതാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജയിലുകളില്‍ തടവുകാര്‍ക്ക് ജാതി അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്നതിനെതിരെയാണ് കോടതി ഉത്തരവ്. പിന്നോക്ക ജാതിക്കാരായ തടവുകാര്‍ക്ക് ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്ക് പാചക ജോലിയും നല്‍കുന്നതു പ്രത്യക്ഷത്തിലുള്ള ജാതി വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു.

‘ഒരു വിഭാഗവും തോട്ടിപ്പണിക്കാരായോ ചെറിയ ജോലികള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ പാചകം ചെയ്യാനറിയുന്നവരും പാചകം ചെയ്യാന്‍ അറിയാത്തവരോ ആയിട്ടല്ല ജനിക്കുന്നതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മറിച്ചു ചിന്തിക്കുന്നത് തൊട്ടുകൂടായ്മയുടെ വീക്ഷണമാണ്, അത് അനുവദിക്കാനാവില്ല’ – കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. ജാതി അടിസ്ഥാനത്തിൽ തടവുകാര്‍ക്ക് തൊഴില്‍ നല്‍കുന്നത് ഭരണഘടനയുടെ അനുച്‌ഛേദം 15ന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഇതുസംബന്ധിച്ച് നിര്‍ണായക മാര്‍ഗ നിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. ജാതിയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കുന്ന പല സംസ്ഥാനങ്ങളിലെയും ജയില്‍ മാന്വല്‍ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. സാധാരണ തടവുശിക്ഷയ്ക്കു ജയിലില്‍ കഴിയുന്നവര്‍ക്ക് അവരുടെ ജാതിയുടെ അടിസ്ഥാനത്തിലല്ലാതെ നിസാര ജോലി നല്‍കേണ്ടതില്ലെന്ന യുപി ജയില്‍ മാന്വലിലെ വ്യവസ്ഥകളോട് കോടതി എതിര്‍പ്പ് രേഖപ്പെടുത്തി.

‘തടവുകാരെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ജാതിവിവേചനം ശക്തിപ്പെടുത്തും. ഇത് കൊളോണിയല്‍ വ്യവസ്ഥയുടെ തിരുശേഷിപ്പാണ്. തടവുകാര്‍ക്കും അന്തസിനുള്ള അവകാശമുണ്ട്. അവരോട് മനുഷ്യത്വപരമായും ദയയോടെയും പെരുമാറണം. തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിക്കണം’- വിധിന്യായം വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജാതി അടിസ്ഥാനത്തില്‍ ജോലി അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ ജയില്‍ മാന്വലുകള്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് പരിഹരിക്കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ മാതൃകാ ജയില്‍ ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും കോടതി നിര്‍ദേശിച്ചു.

‘ദി വയറി’ല്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ജയിലുകളില്‍ നടക്കുന്ന വിവേചനപരമായ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരി സുകന്യ ശാന്ത സുപ്രീംകോടതിയെ സമീപിച്ചത്. 1941ലെ പഴയ ഉത്തര്‍പ്രദേശ് ജയില്‍ മാന്വലിൽ തടവുകാരുടെ ജാതി അടിസ്ഥാനത്തില്‍ ജോലികള്‍ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

യുപിയ്ക്ക് പുറമെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ്, ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ 13 പ്രധാന സംസ്ഥാനങ്ങളിലെ ജയില്‍ മാന്വലിലെ സമാനമായ വിവേചന നിയമങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് ഹര്‍ജിക്കാരിയെ കോടതി അഭിനന്ദിച്ചു. ഇത് നന്നായി ഗവേഷണം ചെയ്ത ഹര്‍ജിയാണെന്നും വിഷയം ഫലപ്രദമായി വാദിച്ചതിന് അഭിഭാഷകരെ അഭിനന്ദിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *