ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല…; കേന്ദ്രമന്ത്രി ഇനി സിനിമയില്‍, ‘ഒറ്റക്കൊമ്പന്‍’ അപ്‌ഡേറ്റുമായി സുരേഷ് ഗോപി

ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല…; കേന്ദ്രമന്ത്രി ഇനി സിനിമയില്‍, ‘ഒറ്റക്കൊമ്പന്‍’ അപ്‌ഡേറ്റുമായി സുരേഷ് ഗോപി

കേന്ദ്രമന്ത്രി പദവിയിലിരിക്കവെ സിനിമയില്‍ അഭിനയിക്കാനുള്ള അനുമതി കിട്ടില്ലെന്ന വിലയിരുത്തലുകളെ തള്ളി സുരേഷ് ഗോപി. താരം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഇത് ‘ഒറ്റക്കൊമ്പന്‍’ സിനിമയ്ക്ക് വേണ്ടി തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. പുതിയ ചിത്രത്തിന് പിന്നാലെ ഒറ്റക്കൊമ്പന്റെ പുതിയൊരു പോസ്റ്ററും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.

കരിയറിലെ 250-ാം ചിത്രമായ ഒറ്റക്കൊമ്പന്റെ ഒരു പോസ്റ്റര്‍ ആണ് അത്. സുരേഷ് ഗോപിയുടെ മുഖം കുറച്ച് മാത്രം വ്യക്തമാക്കുന്ന പോസ്റ്ററില്‍ അദ്ദേഹം താടിയുള്ള ഗെറ്റപ്പിലാണ്. ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല എന്ന ക്യാപ്ഷനും പോസ്റ്ററിനൊപ്പം സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ചു കൊണ്ട് 2025 എന്നും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് താരം തന്നെ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അഭിനയിക്കാന്‍ അനുവാദം ലഭിക്കാത്തിനെ തുടര്‍ന്ന് സിനിമ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിരുന്നില്ല.

കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തില്‍ ഉള്ളവര്‍ക്ക് മറ്റു ജോലികള്‍ ചെയ്യാന്‍ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. മാത്യു തോമസ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പന്‍. 2020ല്‍ പ്രഖ്യാപിച്ച ചിത്രം പിന്നീട് മുടങ്ങിപ്പോയിരുന്നു. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ ‘കടുവ’യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രം നിയമകുരുക്കില്‍ അകപ്പെട്ടു.

പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബിജു മേനോന്‍, മുകേഷ്, വിജയരാഘവന്‍, രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *