ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഗ്രൗണ്ടിന് ചുറ്റും സ്ട്രോക്കുകൾ കളിക്കാനുള്ള കഴിവ് കാരണം 360 ഡിഗ്രി കളിക്കാരനായി അറിയപ്പെടുന്ന ആളാണ്. അദ്ദേഹത്തിൻ്റെ സ്‌കൂപ്പുകളും റാംപ് സ്‌ട്രോക്കുകളും ട്രേഡ് മാർക്ക് ആയി തന്നെ കാണാം. എന്നിരുന്നാലും, ലോകത്തിൽ ഏതൊരു ബോളറും പേടിക്കുന്ന അതെ സൂര്യകുമാർ യാദവ് തന്നെ നേരിടാൻ ഇഷ്ടപെടാത്ത ഒരു താരമുണ്ട്.
2019 ൽ ESPNcriinfo യോട് സംസാരിക്കുമ്പോൾ, പരിശീലന സമയത്ത് ജസ്പ്രീത് ബുംറയെ അഭിമുഖീകരിക്കുന്നത് താൻ എപ്പോഴും ഒഴിവാക്കിയതായി സൂര്യകുമാർ സമ്മതിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനും ഇന്ത്യയ്ക്കും ടീമംഗങ്ങളാണ് രണ്ട് താരങ്ങളും. 2013 ന് ശേഷം ബുംറയെ നേരിടുന്നതിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയതായി സൂര്യകുമാർ അഭിമുഖത്തിൽ അവകാശപ്പെട്ടു.
അദ്ദേഹം ഇങ്ങനെ പറഞ്ഞു;
“ഞാൻ അവനെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കുന്നു (നെറ്റ്സിൽ)! അവൻ അന്താരാഷ്ട്ര തലത്തിൽ വളരെയധികം പന്തെറിയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവൻ്റെ ആദ്യ വർഷം (2013 ൽ) ഞാൻ മുംബൈ ഇന്ത്യൻസിൽ ആയിരുന്നപ്പോൾ ഞാൻ അവനെ ഒരുപാട് നേരിട്ടിട്ടുണ്ട്. അവനെതിരെ ബാറ്റ് ചെയ്യുമ്പോൾ എനിക്ക് ശരിക്കും പേടിയാണ്. അതിനാൽ തന്നെ ഒരിക്കൽ അങ്ങനെ ബാറ്റ് ചെയ്തത് ഒഴിച്ചാൽ പിന്നെ അത് ചെയ്യേണ്ടതായി വന്നിട്ടില്ല.”
“ബുംറയെ മാത്രമാണ് പേടി. ബാക്കി ഒരു താരത്തെയും നേരിടുന്നതിൽ പ്രശ്നമില്ല. ബുംറയെ നേരിടുമ്പോൾ നമുക്ക് ഒരു ക്ലൂ കിട്ടില്ല. അവന്റെ തകർപ്പൻ യോർക്കറുകൾ നേരിട്ട് എന്തിന് വെറുതെ റിസ്ക്ക് എടുക്കണം.” സൂര്യകുമാർ പറഞ്ഞു.
ബുംറയും സൂര്യകുമാറും ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമാണ്. എംഐക്ക് വേണ്ടി 133 മത്സരങ്ങളിൽ നിന്ന് 165 വിക്കറ്റുകളാണ് ബുംറ നേടിയത്. 98 മത്സരങ്ങളിൽ നിന്ന് 3,033 റൺസാണ് സൂര്യകുമാർ നേടിയത്.