2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് കോടതി നിർദേശം. ഈ തുക മരിച്ച അനീഷിന്റെ ഭാര്യക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം വിധി വന്നതിന് ശേഷവും ഒരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതിക്ക് പുറത്തേക്ക് വന്നത്.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവുവാണ് വിധിപറഞ്ഞത്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. നേരത്തെ പ്രതികൾക്ക് വധശിക്ഷ നൽകണമെനന്നായിരുന്നു പ്രോസിക്യൂഷൻ കോടതിൽ വാദിച്ചത്. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് വിധിപറയാൻ മാറ്റുകയായിരുന്നു.
2020 ഡിസംബർ 25 ന് വൈകുന്നേരം പ്രതികൾ അനീഷിനെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ് നേരിട്ട അനീഷിൻ്റെയും ഹരിതയുടെയും വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമായിരുന്നു ദാരുണമായ സംഭവം. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ അനീഷിനെ പ്രതികൾ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.