
അണ്ടർ 19 വനിതാ ടി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഗോംഗഡി തൃഷ. ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ ചൊവ്വാഴ്ച നിയാം മുയറിൻ്റെ സ്‌കോട്ട്‌ലൻഡിനെതിരായ ഇന്ത്യയുടെ സൂപ്പർ സിക്‌സസ് മത്സരത്തിലാണ് തൃഷ ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്തതിന് ശേഷമുള്ള 18-ാം ഓവറിലെ അവസാന പന്തിൽ മൈസി മസീറയെ ബാക്ക്‌വേർഡ് പോയിൻ്റിലൂടെ സിംഗിളിനായി അടിച്ചു തൃഷ തൻ്റെ മൂന്നക്ക സ്കോർ പൂർത്തിയാക്കി. 2023 ജനുവരിയിൽ പോച്ചെഫ്‌സ്‌ട്രോമിൽ അയർലൻഡിനെതിരെ ഇംഗ്ലണ്ട് ബാറ്റർ ഗ്രേസ് സ്‌ക്രീവൻസിൻ്റെ 93 റൺസ് മറികടന്ന് ചാമ്പ്യൻഷിപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറും തൃഷ രേഖപ്പെടുത്തി.
തൃഷ 59 പന്തിൽ 13 ഫോറും നാല് സിക്സും സഹിതം 110 റൺസുമായി പുറത്താകാതെ നിന്നു. അവളുടെ ബാറ്റിംഗിൻ്റെ പിൻബലത്തിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 208 എന്ന കൂറ്റൻ സ്‌കോർ നേടി. 42 പന്തിൽ ഒമ്പത് ബൗണ്ടറികളോടെ 51 റൺസെടുത്ത ജി കമാലിനിക്കൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ തൃഷ 147 റൺസിൻ്റെ കൂറ്റൻ കൂട്ടുകെട്ടും പടുത്തുയർത്തി.
ക്വാലാലംപൂരിൽ നടന്ന അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച 19കാരിയായ തൃഷ അവിടെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി ഫിനിഷ് ചെയ്തു. അഞ്ച് മത്സരങ്ങളിൽ നിന്ന് 53 ശരാശരിയിലും 120.45 സ്‌ട്രൈക്ക് റേറ്റിലും തൃഷ 159 റൺസ് നേടി. തൃഷയുടെ പ്രകടനം തോൽവിയറിയാതെ ടൂർണമെൻ്റിൽ ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചു . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വനിതാ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും തൃഷയാണ്.