അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജ്. ഞായറാഴ്ച ഡൽഹിയിലെ ദളിത് സമൂഹത്തോട് സംസാരിക്കവെ എഎപിക്ക് വോട്ട് ചെയ്യരുതെന്ന് കൂടി അദ്ദേഹം അഭ്യർത്ഥിച്ചു. ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാര ഗ്രന്ഥികൾക്കും പ്രതിമാസ ഓണറേറിയം നൽകുന്ന പദ്ധതി എഎപി പ്രഖ്യാപിച്ചപ്പോൾ വാൽമീകി, രവിദാസ് ക്ഷേത്രങ്ങളിലെ പൂജാരിമാരെ ഒഴിവാക്കിയെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

കെജ്‌രിവാൾ വോട്ട് നേടുന്നതിന് വേണ്ടി ചൂൽ, പാർട്ടിയുടെ ചിഹ്നമാക്കി ദലിത് വികാരങ്ങൾ ദുരുപയോഗം ചെയ്തുവെന്ന ആരോപിച്ച ഉദിത് ദലിതരുടെ ക്ഷേമത്തിനോ ഉന്നമനത്തിനോ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ ജോലിക്കോ വേണ്ടി ആം ആദ്മി പാർട്ടി ഒരു പ്രവർത്തനവും നടത്തിയില്ലെന്നും പറഞ്ഞു. ദലിതരുടെയും പിന്നാക്കക്കാരുടെയും ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും വോട്ടുകൾ നേടുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതെന്നും രാജ് പറഞ്ഞു.

ശുചീകരണ തൊഴിലാളികൾ, അധ്യാപകർ, ഡിടിസിയിലെയും ഡിജെബിയിലെയും ജീവനക്കാർ എന്നിവരെ ക്രമപ്പെടുത്തുന്നത് പോലുള്ള 2020 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എഎപിയുടെ പരാജയവും രാജ് എടുത്തുപറഞ്ഞു. മറ്റൊരു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെജ്രിവാൾ പൊള്ളയായ വാഗ്ദാനങ്ങൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദലിതർക്ക് പ്രയോജനപ്പെടുന്ന ഡൽഹി സർക്കാരിൽ ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് തസ്തികകൾ നികത്തുന്നതിൽ എഎപി പരാജയപ്പെട്ടെന്നും ശുചീകരണ തൊഴിലാളികളായ അധ്യാപകർ, ഡിടിസി ജീവനക്കാർ, മറ്റ് നിരവധി വിഭാഗം ജീവനക്കാർ എന്നിവരുൾപ്പെടെ അഡ്‌ഹോക്ക് ജീവനക്കാരെ റെഗുലറൈസ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യസഭയിൽ എന്തുകൊണ്ട് എഎപിക്ക് ദലിത് അല്ലെങ്കിൽ പിന്നാക്ക എംപിമാരില്ല തുടങ്ങിയ നിരവധി ചോദ്യങ്ങളും രാജ് കെജ്‌രിവാളിനോട് ഉന്നയിച്ചു. 2006ൽ പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള സംവരണത്തെ എഎപി എതിർക്കുകയും 2020ലെ അംബേദ്കർ സ്കോളർഷിപ്പ് പദ്ധതിയിലൂടെ ദലിതരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *