‘ഗോദയിലെ രാഷ്ട്രീയം’ മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

‘ഗോദയിലെ രാഷ്ട്രീയം’ മടുത്ത് രാഷ്ട്രീയ ഗോദയിൽ; ഹാട്രിക് വിജയത്തിനിടയിലും ബിജെപിയെ തളർത്തുന്ന വിനേഷ് ഫോഗട്ടിന്റെ ഐതിഹാസിക വിജയം

രാഷ്ട്രീയ ഗോദയിലെ കന്നിപ്പോരാട്ടത്തിൽ എതിരാളിയെ മലർത്തിയടിച്ചുകൊണ്ട് വിനേഷ് ഫോഗട്ട് നേടിയ വിജയം വെറുമൊരു വിജയമല്ല, നീണ്ട 15 വർഷത്തിന് ശേഷം കോൺഗ്രസിന് ജുലാന മണ്ഡലം തിരികെ കൊടുത്തുകൊണ്ടു കൂടിയാണ് വിനേഷ് ഐതിഹാസിക വിജയം കൈവരിച്ചത്. ഗോദയിലെ രാഷ്ട്രീയം മടുത്ത് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയ വിനേഷ് 6015 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. തോൽപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ബിജെപി ഒന്നാമത് എഴുതി വെച്ചിരുന്ന പേരായിരുന്നു വിനേഷ് ഫോഗട്ടിന്റേത്.

കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ ശാപവാക്കുകളുമായാണ് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് വിനേഷിനെ നേരിട്ടത്. അത്രമേൽ വിനേഷിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിയെ പിടിച്ചുകുലുക്കിയിരുന്നു. മെഡൽ പോയത് ദൈവം വിനേഷിന് കൊടുത്ത ശിക്ഷയാണെന്നും അവർ ഒരു രാഷ്ട്രീയ എതിരാളി അല്ലെന്നും എവിടെ മത്സരിച്ചാലും അവരെ നിസാരമായി ബിജെപിക്ക് തോൽപ്പിക്കാൻ സാധിക്കുമെന്നും ഒക്കെയായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രസ്താവനകൾ.

ഗോദയിലെ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തി ബ്രിജ് ഭൂഷൺ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെ രംഗത്തിറങ്ങിയ വിനേഷ് ഫോഗട്ടിനെതിരെയുള്ള മത്സരം ബിജെപിക്ക് അഭിമാന പോരാട്ടം തന്നേയായിരുന്നു. വിനീഷിനെ കോൺഗ്രസ് രംഗത്തിറക്കിയതോടെ രാജ്യം ഒന്നടങ്കം ശ്രദ്ധിക്കുന്ന മണ്ഡലമായി ജുലാന മാറിയിരുന്നു. ക്യാപ്റ്റൻ യോഗേഷ് ഭൈരഗിയെന്ന മുൻ സൈനികോദ്യോഗസ്ഥനെയാണ് ബിജെപി കളത്തിലിറക്കിയത്. എന്നാൽ ഗോദയിൽ എതിരാളിയെ മലർത്തിയടിക്കുന്ന അതേ കരുത്തോടെ ബിജെപി സ്ഥാനാർത്ഥിയെ മലർത്തിയിടിച്ച് വിനേഷ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായി മാറി.

ഗുസ്തി ഫെഡറേഷന്‍ തലവനായിരുന്ന ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരെ ഗുസ്തിതാരങ്ങള്‍ നടത്തിയ പ്രതിഷേധങ്ങളില്‍ മുൻനിരയിൽ നിന്നുകൊണ്ടാണ് വിനേഷ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ, തങ്ങൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമങ്ങൾക്കു നേരെ ഒരു വർഷത്തോളം തെരുവിൽ പ്രതിഷേധിച്ചപ്പോഴയായിരുന്നു മുൻനിരയിൽ വിനേഷ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര കായികവേദികളിൽ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ വിനേഷിനെ, പോലീസും അർധസൈനികരും തെരുവിൽ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ രാജ്യമൊന്നാകെ കണ്ടതാണ്.

അനീതിക്കെതിരെ പോരാടുന്ന ഭരണകൂടത്തിനെതിരെ ശബ്‌ദിക്കാൻ മടിയില്ലാത്ത ആ കരുത്ത് അന്നേ രാജ്യം കണ്ടതാണ്. എന്നാൽ അന്ന് മുതൽ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു വിനേഷ്. അന്ന് ഭരണകൂടം ആ കുറ്റവാളിയെ സംരക്ഷിച്ചപ്പോൾ തോറ്റു പോവുകയായിരുന്നു വിനേഷ് അടക്കമുള്ള കായിക താരങ്ങൾ. പിന്നീട് ഒളിമ്പിക്സ് വേദിയിൽ അവസാന നിമിഷം സ്വർണം നഷ്ട്ടപ്പെട്ടപ്പോയും വിധിയുടെ മുൻപിൽ വിനേഷ് തോറ്റുപോയി. ‘നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു, ഇനിയെനിക്ക് ശക്തിയില്ല, അൽവിദാ ഗുസ്തി’ എന്നായിരുന്നു വിനേഷ് അന്ന് കുറിച്ചത്.

എന്നാൽ പാരീസ് ഒളിമ്പിക്‌സ് വേദിയില്‍ നിന്നും 100 ഗ്രാം ഭാരത്തിന്റെ പേരിൽ മെഡല്‍ നഷ്ടമായി ഭാരമേറിയ മനസുമായി വിനേഷ് തിരിച്ചെത്തിയപ്പോൾ രാജ്യം അവരെ സ്വീകരിച്ചത് ഇരുകയ്യും നീട്ടിയാണ്. അതിന് മുൻപന്തിയിൽ കോൺഗ്രസും ഉണ്ടായിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനായി വിനേഷ് റെയില്‍വേയിലെ തന്റെ ജോലി രാജിവെച്ചിരുന്നു. വിനേഷിനൊപ്പം ഗുസ്തി താരം ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

കോൺഗ്രസിൽ ചേർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ വിനേഷ് തീരുമാനിച്ചപ്പോൾ, കോൺഗ്രസ് അവർക്കായി നൽകിയത് പാർട്ടിക്ക് വർഷങ്ങളായി ബാലികേറാമലയായി മാറിയ ജുലാന മണ്ഡലമായിരുന്നു. വിജയം ഉറപ്പുള്ള ഒരു സീറ്റ് അവർക്കായി നൽകാമായിരുന്നിട്ടും വിനീഷിന്റെ കരുത്തറിഞ്ഞിട്ടുള്ള കോൺഗ്രസ് പോരാടി ജയിക്കാൻ തന്നെയായിരുന്നു ജുലാന അവർക്ക് നൽകിയത്. 2005 ൽ ആണ് ജുലാന മണ്ഡലത്തിൽ അവസാനമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുന്നത്. 2009 ലും 2019 ലും ഇന്ത്യൻ നാഷണൽ ലോക്ദളും 2019 ൽ ജനനയ്ക് ജനത പാർട്ടിയുമാണ് അവിടെ വിജയിച്ചത്. നീണ്ട 15 വർഷങ്ങൾക്ക്‌ ശേഷം കോൺഗ്രസിന് മണ്ഡലം തിരികെ പിടിച്ചു കൊടുക്കുകയാണ് വിനേഷ് ചെയ്തത്.

ഹരിയാനയിലെ ചാർഖി ദാദ്രിയിലെ പരമ്പരാഗത ഗുസ്തി കുടുംബത്തിൽപ്പെട്ടയാളാണ് വിനേഷ് ഫോഗട്ട്. 2013 ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലമണിഞ്ഞാണ് കായിക ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും . 2018, 2022 വർഷങ്ങളിൽ കോമൺവെൽത്ത് ഗെയിംസിലും വിനേഷ് സ്വർണ മെഡൽ നേടി. 2019, 2022 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി. 2021 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കി. 2018 ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയപ്പോൾ കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി മാറി വിനേഷ് ഫോഗട്ട്. ഒൻപത് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവുമാണ് ഈ കാലയളവിനുള്ളിൽ വിനേഷിന്റെ മെഡൽ വേട്ട.

എന്തായലും തിരഞ്ഞെടുപ്പ് ഗോദയിൽ കരുത്തുകാട്ടി ഹരിയാന നിയമസഭയിലേക്ക് എത്തുന്ന വിനേഷ്, കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയ നിരയിലേക്ക് എത്താനും ഇനി അധിക കാലം വേണ്ടിവരില്ല. ഹരിയാനയിൽ ഹാട്രിക് വിജയവുമായി അധികാരം നിലനിർത്തുമ്പോഴും, അഭിമാന പ്രശ്നമായി മാറിയ വിനേഷ് ഫോഗട്ടിന്റെ വിജയം ബിജെപിക്ക് കനത്ത ക്ഷീണം തന്നെയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *