ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്. അവര്‍ എങ്ങനെ ആഘോഷിക്കാതിരിക്കും; വിരാട് കോഹ്ലി ‘ദി കിങ്ങ്’ ആയി അവരോധിക്കപ്പെട്ട മണ്ണിലേക്ക് തിരിച്ച് വരികയാണ്, ഒരുപക്ഷേ അവസാനമായി.
ഓര്‍മ്മകളില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണികളെ മിഡില്‍ ഫിംഗര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒരു യങ്ങ് ബ്രാഷ് ഡല്‍ഹി ബോയിയുണ്ട്. ഓസ്‌ട്രേലിയന്‍ കാണികളുടെ സ്വതസിദ്ധമായ ടീസിങ്ങിനെതിരെയുള്ള കോഹ്ലിയുടെ മറുപടി നല്ല രീതിയിലല്ല അവസാനിച്ചത്. സീരിസിലുടനീളം അവര്‍ കോഹ്ലിയെ പിന്തുടരുന്നുണ്ട്. ഒരുപക്ഷേ ഒരു ഇന്ത്യന്‍ കളിക്കാരനില്‍ ഓസ്‌ട്രേലിയന്‍ സ്വത്വം ആദ്യമായി കണ്ട ഒരാശ്ചര്യമായിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്.
2014ല്‍ ഇംഗ്ലണ്ടിലെ ക്ഷീണത്തിന് ശേഷം തന്നിലെ ടെസ്റ്റ് ബാറ്ററെ കണ്ടെത്താനുള്ള അവസാന അവസരമായിരുന്നു കോഹ്ലിക്ക് ഓസ്‌ട്രേലിയന്‍ ടൂര്‍. ഒരുപക്ഷേ ടെസ്റ്റ് കരിയര്‍ അവസാനിച്ചേക്കാവുന്ന അവസ്ഥയില്‍ എത്തിപ്പെടുന്നത് വിസിറ്റിങ് ബാറ്റര്‍മാര്‍ക്ക് മെന്റലിയും ഫിസിക്കലും ഏറ്റവും ബുദ്ധിമുട്ടേറിയ ഓസ്‌ട്രേലിയയില്‍; ഒപ്പം 2012 ലെ സ്‌ളെഡ്ജിങ് തുടര്‍ന്ന് കൊണ്ട് കാണികളും.
പൂര്‍ണ്ണമായും ഓസ്‌ട്രേലിയന്‍ ശൈലിയില്‍ അടിക്ക് അടി എന്ന രീതിയില്‍ മിച്ചല്‍ ജോണ്‍സണ്‍, റയാന്‍ ഹാരിസ് അടക്കമുള്ളവരെ ആക്രമിച്ചൊതുക്കി കളിയാക്കിയ കാണികളെക്കൊണ്ട് എഴുനേറ്റ് നിന്ന് കയ്യടിപ്പിച്ചാണ് കോഹ്ലി ആ സീരിസ് കഴിഞ്ഞ് മടങ്ങുന്നത്. ടെസ്റ്റ് ബാറ്റിങ് എബിലിറ്റി സംശയമുനയില്‍ നിന്നിടത്ത് നിന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ കടമ്പ മറികടന്ന് പിന്നീട് ലോക ക്രിക്കറ്റ് ഭരിച്ച കിങ്ങ് കോഹ്ലിയിലേക്കുള്ള കിരീടധാരണം അവിടെ സംഭവിച്ചിരുന്നു.
2018 ല്‍ ക്യാപ്റ്റനായി തന്റെ പീക്കില്‍ നില്‍ക്കുന്ന കോഹ്ലി അത് വരെ ഇന്ത്യക്ക് അപ്രാപ്യമായത് നേടിക്കൊടുത്തിട്ടാണ് ഓസ്‌ട്രേലിയയില്‍ നിന്നും മടക്കുന്നത്. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയിരിക്കുന്നു. 2020ല്‍ കോവിഡ് തരംഗത്തില്‍ അണ്‍ഫോര്‍ച്യുണേറ്റ് ആയ ഒരു മല്‍സരം മാത്രമാണ് കോഹ്ലിക്ക് കളിക്കാന്‍ സാധിക്കുന്നതും.
2024 ല്‍ കിങ് കോഹ്ലിക്ക് പഴയ പ്രതാപമില്ല. തന്റെ ഏറ്റവും മോശം ഫോമിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ തന്റെ അവസാന സീരീസ് ആകാനും സാധ്യതകളേറെ. എന്നാലും ഓസ്‌ട്രേലിയ കിങ് കോഹ്ലിയെ ആഘോഷിക്കുകയാണ്. അവരുടെ മനസ്സിലൂടെ അവര്‍ കണ്ടാസ്വദിച്ച ഒട്ടേറെ മനോഹരമായ കോഹ്ലി മുഹൂര്‍ത്തകള്‍ കടന്ന് പോകുന്നുണ്ടാകണം. ഒരിക്കല്‍ക്കൂടി ആ കോഹ്ലി മാജിക് കാണാന്‍ ഓസ്‌ട്രേലിയന്‍ കാണികള്‍ ആഗ്രഹിക്കുന്നുണ്ടാകണം.
കോഹ്ലിയും അതാഗ്രഹിക്കുന്നുണ്ടാകും. ചരിത്രം പേറുന്ന, തന്നെ താനാക്കിയ ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടുകളില്‍ ഒരിക്കല്‍ കൂടി ആ മാജിക് ആവര്‍ത്തിക്കാന്‍…. കോടിക്കണക്കായ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയും ഒപ്പമുണ്ട്. Do it King Virat…one bloody last time