ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ഓസ്‌ട്രേലിയക്ക് മുന്നിൽ അടി പതറുകയാണ്. ഗംഭീര തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. യുവ താരം യശസ്‌വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരെ പുറത്താക്കി കളി ഓസ്‌ട്രേലിയക്ക് അനുകൂലമാക്കി മാറ്റിയിരിക്കുകയാണ് പേസർ മിച്ചൽ സ്റ്റാർക്ക്.
ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ഇന്നത്തെ മത്സരത്തിൽ ഒരു ഫോറോടെ 8 പന്തിൽ 7 റൺസ് മാത്രം നേടി മടങ്ങി. ഇതോടെ വിമർശകർക്കുള്ള ഇന്നത്തെ ഇരയായി മാറാൻ വിരാട് കോഹ്‌ലിക്ക് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ മികച്ച റൺസ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമായ വിരാട് കോഹ്‌ലിയുടെ പ്രകടനം പ്രാധാന്യമുള്ളതായിരുന്നു.
യശസ്‌വി ജയ്‌സ്വാൾ പുറത്തായപ്പോൾ ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന ഇന്നിങ്‌സ് കാഴ്ച വെച്ച താരങ്ങളായിരുന്നു ശുഭ്മാൻ ഗില്ലും കെ എൽ രാഹുലും. 69 റൺസിന്റെ പാർട്ണർഷിപ്പ് പടുത്തുയർത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ തകർന്നടിയുകയായിരുന്നു. കെ എൽ രാഹുൽ 64 പന്തിൽ 37 റൺസും, ശുഭ്മാൻ ഗിൽ 51 പന്തിൽ 31 റൺസും നേടി പുറത്തായി.
നിലവിൽ ക്രീസിൽ നിൽക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും, വിക്കറ്റ് കീപ്പർ റിഷഭ് പന്തുമാണ്. മികച്ച പ്രകടനം വരാൻ പോകുന്ന ബാറ്റ്‌സ്മാന്മാർ നടത്തിയില്ലെങ്കിൽ ഈ പരമ്പര നഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.