ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. യഹിയ സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നുവെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.
ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെ തന്നെ ചെറുമിസൈലോ ടാങ്കിൽ നിന്നുള്ള ഷെല്ലിൽ നിന്നോ ഉള്ള ചീളുകൾ തറച്ച പരിക്കേറ്റ നിലയിലായിരുന്നു യഹിയ സിന്‍വര്‍ ഉണ്ടായിരുന്നത്. കൈ തകർന്ന നിലയിലായിരുന്നു. ഇതിൽ രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു സിൻവറിന്റെ തലയ്ക്ക് വെടിയേറ്റതെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.
മിസൈൽ ആക്രമണത്തിൽ സിൻവറിന്റെ വലത് കൈത്തണ്ടയിൽ പരിക്കേറ്റിരുന്നു ഇടത് കാലിൽ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഷെൽ ആക്രമണത്തിലെ ചീളുകൾ തറച്ച നിലയിലുമായിരുന്നു. ഇവയിൽ നിന്ന് പരിക്കുകൾ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോട് വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചതെന്നും ഡോ. ചെൻ കുഗേൽ വ്യക്തമാക്കി. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച വിരലിൽ നിന്നാണ് സിൻവാറിന്റെ ഡിഎൻഎ പരിശോധന പൂർത്തിയാക്കിയത്. നേരത്തെ സിൻവാർ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎൻഎ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിൻവാർ തന്നെയാണെന്നാണ് ഉറപ്പിച്ചതെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.