
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ ഉളളത്. ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. സമാന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു.
വസ്തുതകൾ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുകളുണ്ട്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ല. ഭരണകക്ഷി നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
കേസ് ഡയറിയും ഇൻക്വസ്റ്റ് റിപ്പോർട്ടും സിംഗിൾ ബെഞ്ച് ശരിയായി പരിശോധിച്ചില്ല. കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നുമാണ് കെ മഞ്ജുഷയുടെ ഹർജിയിലെ വാദം. അപൂർവ സാഹചര്യമാണ് കേസിലുള്ളത്. നവീൻ ബാബുവിന്റെ മരണത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം.
നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴി ഉത്തരം ലഭിച്ചില്ല. ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്മേൽ സംശയമുയർത്തുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് ശരിയായ രീതിയിലായിരുന്നില്ല. ആത്മഹത്യയെങ്കിൽ ഉമിനീര് പുറത്തുവരുമായിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട് ഇക്കാര്യത്തിലും നിശബ്ദത പാലിക്കുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം.