
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നാല് സ്പിന്നർമാരെയാണ് ഇന്ത്യ ഇറക്കുന്നത്. മറുവശത്ത്, ഇംഗ്ലണ്ട് ആകട്ടെ മൂന്ന് പേസ് ബോളർമാർ എന്ന രീതിയിലാണ് കളിക്കുന്നത്. ഇന്ത്യൻ ടീം മാനേജ്‌മെൻ്റിൻ്റെ ഈ തീരുമാനം നിരവധി മുൻ കളിക്കാരെ അമ്പരപ്പിച്ചു, പ്ലേയിംഗ് ഇലവനിൽ മറ്റൊരു പേസർ ആവശ്യമാണെന്ന് അവർ ആദ്യ മത്സരം മുതലേ പറയുന്ന കാര്യവുമാണ്. സ്പിൻ ഓപ്ഷൻ വാഷിംഗ്‌ടൺ സുന്ദറിന് ഒരു ഓവർ മാത്രമാണ് ഇന്ത്യ നൽകുന്നതും. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ കാര്യമായ സംഭാവന ഒന്നും തന്നെ താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും ഇല്ല.
ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ തന്നെ ഇന്ത്യയുടെ ഈ തന്ത്രം തിരിച്ചടിച്ചില്ലെങ്കിലും ഇന്നലെ കാര്യങ്ങൾ മാറി മറിഞ്ഞു. മൂനാം മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് സംഭവിച്ച പിഴവുകളെക്കുറിച്ച് ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ: “തോൽക്കുമ്പോൾ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും. ടീമിൻ്റെ തിരഞ്ഞെടുപ്പ് സംശയാസ്പദമാണ്. നിങ്ങൾ നാല് സ്പിന്നർമാരെ കളിക്കുന്നു. വാഷിംഗ്ടൺ സുന്ദറിന് മൂന്നാം ഗെയിമിൽ ഒരു ഓവർ നൽകി, ബാറ്റിംഗിൽ അദ്ദേഹം ഒന്നും ചെയ്തില്ല. ബൗളിംഗിനെക്കുറിച്ച് ചിന്തിക്കാതെ നിങ്ങൾ ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൽ ഫയർ പവർ ചേർക്കുന്നു. ശിവം ദുബെയും ടീമിനൊപ്പമുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ ലഭ്യമാണ്, ”അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ഇന്നലത്തെ മത്സരത്തിൽ പ്രോപ്പർ ബാറ്റ്‌സ്മാനായ ദ്രുവ് ജുറലിനെ എട്ടാം നമ്പറിൽ മാത്രം ഇറക്കാനുള്ള തന്ത്രത്തെയും അദ്ദേഹം കുറ്റപ്പെടുത്തി: “ധ്രുവ് ജുറൽ ഒരു മികച്ച ബാറ്ററാണ്, നിങ്ങൾക്ക് അദ്ദേഹത്തെ എട്ടാം സ്ഥാനത്ത് കളിക്കാൻ കഴിയില്ല. ലോവർ ഓർഡറിൽ ബാറ്റ് ചെയ്യണമെങ്കിൽ അദ്ദേഹത്തിന് പകരം ഒരു പേസറെ തിരഞ്ഞെടുക്കാമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാദിത്വം ഇല്ലാത്ത സമീപനമാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായ പ്രധാന സംഭവം. സഞ്ജു സാംസണും സൂര്യകുമാർ യാദവും അടക്കമുള്ള താരങ്ങൾ ആണ് വിമർശനം കൂടുതലായി കേൾക്കുന്നത്.