കൊച്ചിയിലെ അലൻ വാക്കറുടെ പരിപാടിക്കിടെ കൂട്ട മൊബൈൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. മോഷണം നടത്തിയത് അസ്ലം ഖാൻ ഗ്യാങ് ആണെന്ന് സംശയിക്കുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസ്‌ലം ഖാൻ്റെ നേതൃത്വത്തിലുള്ള മോഷണ സംഘത്തിൻ്റെ പ്രവർത്തനത്തിന് സമാനമായ മോഷണമാണ് നടന്നതെന്നാണ് വിലയിരുത്തൽ.
കൊച്ചിയിലെ പരിപാടിയിൽ മൊബൈലുകൾ മോഷ്ടിച്ച ശേഷം മോഷണ സംഘം വിമാനത്തിലും രണ്ടാം സംഘം ട്രെയിനിലും കേരളം വിട്ടെന്നാണ് നിഗമനം. ഫ്ലൈറ്റിൽ വന്ന് മോഷണം നടത്തി ട്രെയിനിൽ മടങ്ങുന്നതാണ് അസ്ലം ഖാൻ ഗ്യാങിന്റെ രീതി. നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതികൾ മോഷണം നടത്തിയിരുന്നു. പത്തംഗങ്ങൾ അടങ്ങുന്നതാണ് അസ്‌ലം ഖാൻ്റെ ഗ്യാങ്.
ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെ 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്. കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങൾക്ക് മുൻപായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിൽ മൊബൈൽ ഫോൺ ഡൽഹിയിൽ എത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.