ആം ആദ്മി പാര്‍ട്ടി ഡല്‍ഹി എംഎല്‍എ അമാനത്തുള്ള ഖാനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓഖ്‌ലയിലെ അമാനത്തുള്ളയുടെ വസതിയില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് അറസ്റ്റ്. ഇന്നു പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. ഇഡി സംഘം എത്തിയ കാര്യം രാവിലെ 6.30ന് അമാനത്തുള്ള ഖാനാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. രണ്ടു വര്‍ഷമായി ഇഡി തന്നെ ശല്യപ്പെടുത്തുകയാണെന്ന് റെയ്ഡിനോട് പ്രതികരിച്ചുകൊണ്ട് അമാനത്തുള്ള ഖാന്‍ ഇന്ന് രാവിലെ പറഞ്ഞത്. ”പാര്‍ട്ടിയുടെ മനോവീര്യം തകര്‍ക്കാനാണ് ഇഡി ശ്രമിക്കുന്നത്. എനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ഓഖ്ലയിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പരിഭ്രാന്തരാകേണ്ട കാര്യമില്ല… എനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് അവര്‍ ശ്രമിക്കുന്നത്,” അമാനത്തുള്ള ഖാന്‍ എക്സില്‍ കുറിച്ചു.
സിബിഐയും ഡല്‍ഹി അഴിമതി വിരുദ്ധ വിഭാഗവും രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറുകളില്‍ നിന്നാണ് അമാനത്തുള്ള ഖാനെതിരായ ഇഡി കേസിന്റെ തുടക്കം. വഖഫ് ബോര്‍ഡ് നിയമനത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് സിബിഐ എഫ്‌ഐആറിലെ ആരോപണം. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്നാണ് അഴിമതിവിരുദ്ധ വിഭാഗത്തിന്റെ എഫ്‌ഐ ആറില്‍ പറയുന്നത്. അമാനത്തുള്ള ഖാനെ ഉച്ചയ്ക്കുശേഷം ഡല്‍ഹി റൗസ് അവന്യു കോടതിയില്‍ ഹാജരാക്കുമെന്നാണു കരുതപ്പെടുന്നത്. കേസില്‍ നേരത്തെ അദ്ദേഹത്തെ വിളിച്ചുവരുത്തിയ ഇഡി 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.അമാനത്തുള്ള ഖാന്റെ ഇഡി അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ എഎപി നേതാവ് സഞ്ജയ് സിങ് രംഗത്തെത്തി. ഇത്തരം തരംതാണ കളിമൂലം ഡല്‍ഹിയില്‍ നിങ്ങള്‍ ദയനീയമായി പരാജയപ്പെടുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെ ഗുണ്ടായിസമെന്നാണു ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ് വിശേഷിപ്പിച്ചത്.