ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്‌ലിയുടെ മോശം ഫോമിനെ ബാബർ അസമിന്റെ നിലവിലെ മോശം ഫോമുമായി താരതമ്യം ചെയ്തതിന് മുതിർന്ന ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ ഫഖർ സമനെ പരോക്ഷമായി പരിഹസിച്ചു. ഫഖർ സമാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിരാടിനെയും ബാബറിനെയും ഒരേ കാറ്റഗറിയിൽ ഉൾപ്പെടുത്തരുതെന്ന് രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടെസ്റ്റ് ടീമിൽ നിന്ന് ബാബറിനെ പുറത്താക്കാൻ പാകിസ്ഥാൻ സെലക്ടർമാർ തീരുമാനിച്ചു. നിരവധി വിദഗ്ധരും ക്രിക്കറ്റ് താരങ്ങളും ഈ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) വിമർശിച്ചും ബാബറിനെയും വിരാടിനെയും താരതമ്യം ചെയ്തും ഫഖർ സമാൻ പുതിയ വിവാദത്തിന് തിരികൊളുത്തി.
തൻ്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ, രവിചന്ദ്രൻ അശ്വിൻ ബാബർ അസമിൻ്റെയും വിരാട് കോഹ്‌ലിയുടെയും താരതമ്യപ്പെടുത്തലിനെ ചോദ്യം ചെയ്തു. ബാബറിനേയും വിരാടിനേയും ഒരേ കാറ്റഗറിയിൽ പരാമർശിക്കേണ്ടതില്ലെന്ന് പറഞ്ഞ അശ്വിൻ, സംവാദം അവസാനിപ്പിക്കണമെന്നും പറഞ്ഞു.
“തീർച്ചയായും, ഒരു കാറ്റഗറിയിൽ കോഹ്‍ലിയെയും ബാബറിനെയും താരതമ്യപ്പെടുത്തുന്നത് തെറ്റാണ്. ബാബറിന് അവസരം കൊടുത്താൽ അവൻ ഇനിയും റൺ നേടും എന്നുള്ളത് ഉറപ്പാണ്” അശ്വിൻ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ടെസ്റ്റിൽ തൻ്റെ അവസാന 18 ഇന്നിംഗ്‌സുകളിൽ അർധസെഞ്ച്വറി നേടുന്നതിൽ ബാബർ പരാജയപ്പെട്ടു.
” ഞാൻ ബാബർ അസമിനെ കഴിവുള്ള താരമായി തന്നെ വിലയിരുത്തുന്നു. അവൻ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ വിരാട് കോഹ്‌ലി ശരിക്കും വേറെ ഒരു ലീഗാണ്. കോഹ്‌ലിയുടെ അടുത്ത് എത്താൻ യോഗ്യതയുള്ള താരങ്ങൾ ഇല്ല. എനിക്ക് അറിയാവുന്നിടത്തോളം, ഈ സമയത്ത്, ആരെങ്കിലും അടുത്ത് വന്നാൽ അത് ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ടാണ്, ”അശ്വിൻ കൂട്ടിച്ചേർത്തു.