പൊലീസുകാര്‍ എന്നെ സഹായിച്ചിട്ടില്ല, ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ ഞാനും ബാദ്ധ്യസ്ഥനാണ്; ക്ഷമ ചോദിച്ച് ബൈജു

പൊലീസുകാര്‍ എന്നെ സഹായിച്ചിട്ടില്ല, ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ ഞാനും ബാദ്ധ്യസ്ഥനാണ്; ക്ഷമ ചോദിച്ച് ബൈജു

മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അപകടത്തില്‍പെട്ടയാളോട് ഹോസ്പിറ്റലില്‍ പോകണോ എന്നൊക്കെ ചോദിച്ച്, തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ താനും ബാധ്യസ്ഥതയുണ്ട് എന്നാണ് ബൈജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വീഡിയോയില്‍ അന്ന് നടന്ന സംഭവത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു തിരുവനന്തപുരം വെള്ളയമ്പലത്ത് വച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തില്‍ മുന്നോട്ട് പോയി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. നടന്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ വൈദ്യ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയാറായില്ല എന്നുമാണ് ബൈജു പറയുന്നത്.

ബൈജുവിന്റെ വാക്കുകള്‍:

ഞായറാഴ്ചത്തെ എന്റെ അപകടവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടായി. യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ത് എന്നറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. ഞാന്‍ കവടിയാര്‍ ഭാഗത്ത് നിന്ന് വെള്ളയമ്പലത്തിലേക്ക് പോകുകയായിരുന്നു. 65 കിലോമീറ്റര്‍ വേഗത ഉണ്ടാകാം. വിചാരിച്ചത് വെള്ളയമ്പലം ഭാഗത്ത് നിന്ന് തനിക്ക് മ്യൂസിയം റോഡിലേക്ക് പോകാന്‍ ആയിരുന്നു. പക്ഷേ വെള്ളയമ്പലത്തില്‍ എത്തിയപ്പോള്‍ തന്നെ എന്റെ കാറിന്റെ ടയര്‍ പഞ്ചറാകുകയും ചെയ്തു. വണ്ടിയുടെ കണ്‍ട്രോള്‍ തനിക്ക് നഷ്ടപ്പെട്ടു. വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് സ്‌കൂട്ടറുകാരനെ തട്ടാന്‍ കാരണം. ആ ചെറുപ്പക്കാരനെ ഞാന്‍ പെട്ടെന്ന് തന്നെ എഴുന്നേല്‍പ്പിച്ചിരുത്തി.

ആശുപത്രിയില്‍ പോകണമോയെന്ന് ചോദിക്കുകയും ചെയ്തു. വേണ്ട കുഴപ്പമില്ലെന്ന് പറഞ്ഞു അയാള്‍. ഒടിവോ ചതവോ ഒന്നും തന്നെയുണ്ടായിട്ടില്ല. അയാള്‍ക്ക് പരാതിയില്ലെന്ന് പറയുകയും ചെയ്തിരുന്നു. പൊലീസില്‍ അയാള്‍ തന്നെ അറിയിച്ചിരുന്നു. എന്നെ പൊലീസുകാര്‍ ആരും സഹായിച്ചിട്ടുമില്ല. അവര്‍ നിയമപരമായി കേസ് എടുത്തിട്ടുണ്ട്. തെറ്റ് സംഭവിച്ചതില്‍ കേസ് എടുത്തിട്ടുണ്ട്. ഞാന്‍ മദ്യ ലഹരിയിലായിരുന്നു എന്നൊക്കെ പറയുന്നുണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍. അങ്ങനെ ഒക്കെ വരും എന്തായാലും.

പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ഇത് വായിക്കൂ. അങ്ങനെ അതിന്റെ ഭാഗമായിട്ട് വന്നതാണ്. ഒരു പെണ്‍കുട്ടി എനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായി. എന്നാല്‍ വല്യമ്മയുടെ മകളുടെ മകളാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. എന്റെ മകളുടെ പ്രായമേ ഉള്ളു അവള്‍ക്കും. യുകെയില്‍ നിന്ന് വന്ന ഫ്രണ്ടും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി എന്റെ ഭാഗത്ത് നിന്നും അഹങ്കാരമായിട്ടുള്ള സംസാരമായി തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതു സമൂഹത്തിനോട് ക്ഷമ ചോദിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ മനസിലാക്കുമെന്ന് വിചാരിക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *