കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഏറ്റവും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അർജന്റീനൻ താരമായ എമിലിയാനോ മാർട്ടിനെസ്സ് ആണ്. ഇത് രണ്ടാം തവണയാണ് എമി യാഷിൻ ട്രോഫി നേടുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഗോൾ കീപ്പർ രണ്ട് തവണ യാഷിൻ ട്രോഫി സ്വന്തമാക്കി റെക്കോഡ് നേടുന്നത്.
ഇത്തവണ എമിക്ക് എതിരായി കരുത്തരായ എതിരാളി തന്നെ ആയിരുന്നു മുൻപിൽ ഉണ്ടായിരുന്നത്. സ്പാനിഷ് ഗോൾ കീപ്പറായ ഉനൈ സിമോണെയാണ് ഇത്തവണ എമി പരാജയപ്പെടുത്തി പുരസ്‌കാരം സ്വന്തമാക്കിയത്. അതിനെ കുറിച്ച് എമിലിയാനോ മാർട്ടിനെസ്സ് സംസാരിച്ചു.
എമി മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:
“ആദ്യമായി ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഒരു ചെറിയ സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്. പക്ഷേ ഞാൻ തനിച്ചും ഗ്രൂപ്പ് ലെവലിലും ഒരുപാട് ഇമ്പ്രൂവ് ആവാൻ ശ്രമിച്ച വ്യക്തിയാണ്. അതിന്റെ ഫലമാണിത്. എന്റെ കരിയറിന്റെ തുടക്കകാലം തൊട്ടേ ഞാൻ സ്വപ്നം കണ്ട ഒന്നാണ് ഇത്. ഇംഗ്ലണ്ടിൽ കളിക്കാനും ദേശീയ ടീമിന് വേണ്ടി കളിക്കാനും ഇത്തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാനും എനിക്കിപ്പോൾ കഴിഞ്ഞു. ഒരുതവണ നേടുക എന്നുള്ളത് തന്നെ ഇംപ്രസ്സീവ് ആണ്. രണ്ടുതവണ നേടാൻ കഴിഞ്ഞു എന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒന്നാണ്” എമി പറഞ്ഞു.
ഈ വർഷത്തെ കോപ്പ അമേരിക്കയിൽ ടീമിന് വേണ്ടി നിർണായക മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് എമിലിയാനോ മാർട്ടിനെസ്സ് നടത്തിയത്. കൂടാതെ ക്ലബ് ലെവലിൽ ആസ്റ്റൻ വില്ലയ്ക്കും വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തി.