അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും വിജയത്തിൻ്റെ ക്രെഡിറ്റ് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് അർഹിക്കുന്നുണ്ടെന്ന് മുൻ പാകിസ്ഥാൻ താരം ബാസിത് അലി പറഞ്ഞു. ഐപിഎൽ 2024ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച കമ്മിൻസ് രണ്ട് ഇന്ത്യൻ താരങ്ങളെ പിന്തുണച്ചതായും അവരുടെ പ്രകടനങ്ങളിലും ഫോമിലും പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പരാമർശിച്ചു.
ടൂർണമെൻ്റിൻ്റെ 17-ാം സീസണിൽ എയ്ഡൻ മാർക്രമിന് പകരം കമ്മിൻസ് ആയിരുന്നു ഹൈദരാബാദിനെ നയിച്ചിരുന്നത്. അവർ ആകട്ടെ ഫൈനലിൽ എത്തുകയും ചെയ്തു. 200ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ അഭിഷേക് 400-ലധികം റൺസ് നേടിയപ്പോൾ ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളിൽ നിതീഷ് റെഡ്ഢി സംഭാവന നൽകി.
“ഓസീസ് നായകൻ പാറ്റ് കമ്മിൻസിനോട് ഇന്ത്യ നന്ദി ഉള്ളവർ ആയിരിക്കണം. അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും വിജയത്തിൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകിയില്ലെങ്കിൽ അത് അന്യായമായിരിക്കും. ഐപിഎല്ലിൽ അദ്ദേഹം അവരെ പിന്തുണച്ചു, അത് നമ്മൾ മറക്കരുത്.” ബാസിത് അലി പറഞ്ഞു.
അഭിഷേക് ശർമ്മ ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിരാശപെടുത്തിയപ്പോൾ നിതീഷ് മികവ് കാണിച്ചു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ന് ഹൈദരാബാദിൽ നടക്കും.