ഇന്ത്യയിലെ നമ്പര്‍ വണ്‍ മാട്രിമോണി ആപ്പെന്ന് അവകാശപ്പെടുന്ന ഭാരത് മാട്രിമോണി നടത്തുന്ന തട്ടിപ്പുകള്‍ പുറത്ത്. സോഷ്യല്‍ മീഡിയല്‍ താന്‍ ഇട്ട ഫോട്ടോയടക്കം എടുത്ത് വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി യുവാക്കളെ പറ്റിക്കുകയാണെന്ന് കാട്ടി മുംബൈ സ്വദേശിയായ സ്വാതി മുകുന്ദാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ പോലും അറിയാതെയാണ് ഭാരത് മാട്രിമോണി പ്രൊഫൈല്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
താന്‍ വിവാഹം കഴിച്ചതാണെന്നും ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ അവര്‍ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നിരവധി നടക്കുന്നുണ്ടെന്ന് നെറ്റിസണ്‍സ് കമന്റായി ഇട്ടിട്ടുണ്ട്.
ഭാരത് മാട്രിമോണിയും അതിന്റെ സബ് ഡിവിഷനായി കേരള മാട്രിമോണിയിലൂടെയും തങ്ങള്‍ പറ്റിക്കപ്പെട്ടിട്ടുണ്ടെന്ന ഒരു വ്യക്തി ഈ പോസ്റ്റിന് താഴെ കമന്റായി ഇട്ടിട്ടുണ്ട്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കാനായി ഇത്തരം നിരവധി പ്രൊഫൈലുകള്‍ ഇവര്‍ തന്നെ ഉണ്ടാക്കാറുണ്ടെന്ന് ചിലര്‍ കമന്റായി ഇട്ടിട്ടുണ്ട്. ഭാരത് മാട്രിമോണിയില്‍ താന്‍ ഒന്നര ലക്ഷം രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്നും അതുകഴിഞ്ഞും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
തന്റെ ചിത്രം ഉപയോഗിച്ച് ഭാരത് മാട്രിമോണിയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കുകയും താന്‍ ഡൈവോഴ്‌സിയാണെന്നും അനുയോജ്യരായ വരന്‍മാരെ തേടുന്നുവെന്ന് കാട്ടി ഇവര്‍ ആപ്പില്‍ പരസ്യം ചെയ്തിരുന്നുവെന്നും എന്നാല്‍, താന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും വിശ്വ എന്നൊരു യുവതി ഈ പോസ്റ്റിന് താഴെ കമന്റായി ഇട്ടിട്ടുണ്ട്. ഇതിന് മറുപടിയായി സ്വാതി തന്റെ പേരില്‍ തയാറാക്കിയിരിക്കുന്ന വ്യാജ പ്രൊഫൈലില്‍ താന്‍ ഡൈവേഴ്‌സിയാണെന്നും രണ്ടു മക്കളുടെ അമ്മയാണെന്നും കാട്ടിയാണ് പരസ്യം ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഭാരത് മാട്രിമോണിയുടെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.