മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈകോടതി. കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിക്കൊണ്ടാണ് ബോംബെ ഹൈകോടതിയുടെ വിധി. ജസ്റ്റിസ് മനീഷ് പിട്ടാലെയാണ് വിധി പ്രഖ്യാപിച്ചത്.
വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത് സ്ത്രീക്ക് വ്യക്തമാണെന്നും ആയതിനാൽ മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്നായിരുന്നു ബോംബെ ഹൈകോടതി വ്യക്തമാക്കിയത്. പരാതിക്കാരി വിവാഹിതയായ സ്ത്രീയാണെന്നും മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവ് പീഡിപ്പിച്ചെന്നായിരുന്നു വിവാഹിതയായ സ്ത്രീയുടെ പരാതി. പിന്നീട് ഇയാൾ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നത്രെ. തുടർന്ന് സ്ത്രീ പുനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ യുവാവിനെതിരെ പുണെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു. ഇതിനെതിരെ ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് യുവാവിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു.