മുംബൈ: മുംബൈയിലെ ബാന്ദ്ര വർലി സീ ലിങ്ക് പാലത്തിൽ ആഡംബര കാറുകളുടെ മത്സരയോട്ടം. പിന്നാലെ ബിഎംഡബ്ല്യു കാറും മെർസിഡീസ് ബെൻസ് കാറും ഇടിച്ച് കയറിയത് വാഗൺ ആറിലേക്ക്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. രാജ്യത്തെ അഞ്ചാമത്തെ വലിപ്പമേറിയ പാലമായ സീ ലിങ്ക് പാലത്തിൽ ഏറെ നേരത്തേക്ക് ഗതാഗത തടസം സൃഷ്ടിച്ച അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റില്ലെന്നതാണ് ആശ്വാസകരമായ കാര്യം. ഓൺലൈൻ ടാക്സി ആയി ഓടിയിരുന്ന മാരുതി കാറിലെ യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സീലിങ്ക് റോഡിൽ അനുവദനീയമായ പരമാവധി വേഗത 80 കിലോമീറ്റർ എന്നിരിക്കെയാണ് ആഡംബര വാഹനങ്ങൾ പാലത്തിലൂടെ അപകടമുണ്ടാക്കി വാഹനം ഓടിച്ചത്. ബിഎംഡബ്ല്യു കാറും ബെൻസും ഓടിച്ചിരുന്ന രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. താരീഖ് ചൌധരി, ഷെഹബാസ് ഖാൻ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സുഹൃത്തുക്കളായ ഇവർ ബാന്ദ്രയിൽ പോയി കാപ്പി കുടിക്കാൻ പോവുന്നതിനിടെയാണ് തിരക്കേറിയ റോഡിൽ റേസിംഗ് നടത്തിയത്. മുംബൈ സ്വദേശിയായ ഷെഹബാസ് ഖാൻ ആയിരുന്നു ബിഎംഡബ്ല്യു ഓടിച്ചിരുന്നത്. കുർള സ്വദേശിയായ താരീഖ് ചൌധരിയാണ് ബെൻസ് കാർ ഓടിച്ചിരുന്നത്. മനപൂർവ്വമുള്ള നരഹത്യാ ശ്രമത്തിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് അറസ്റ്റ്. ടാക്സി കാറിനുള്ളിൽ അപകടത്തിൽപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം അഞ്ച് യാത്രക്കാരാണ് ടാക്സി കാറിലുണ്ടായിരുന്നത്. അപകടത്തിൽ മൂന്ന് കാറുകളും തകർന്ന നിലയിലാണുള്ളത്.
ആഡംബര കാറുകൾ ഇടിച്ചതിന് പിന്നാലെ പാലത്തിൽ മൂന്ന് തവണയിലേറെ തലകീഴായി മറിഞ്ഞ് അപകട സ്ഥലത്തിന് ഏറെ അകലെയായി യു ടേൺ എടുത്ത നിലയിലാണ് ഉണ്ടായിരുന്നത്. ടാക്സി ഉടമയായ നിസാർ അഹമ്മദിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഒരു മണിക്കൂറിലേറെ നേരമാണ് അപകടത്തിന് പിന്നാലെ തിരക്കേറിയ പാലത്തിൽ ഗതാഗത തടസം നേരിട്ടത്.