ആന എഴുന്നള്ളിപ്പിൽ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് എടുത്തത്.
ക്ഷേത്രോത്സവത്തിനിടെ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനകൾ തമ്മിലുളള അകലം മൂന്നു മീറ്റർ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റർ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തി.
ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും 5 മീറ്റർ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് അറിയിച്ചു. വനം വകുപ്പിന്‍റെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്. നാട്ടാനകളുടെ പരിപാലനചുമതല നൽകിയിരിക്കുന്നത് വനംവകുപ്പിന്‍റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനാണ്. അതേസമയം, രാത്രി മഴ പെയ്തതിനാലാണ് ആനകളെ ചേർത്തുനിർത്തേണ്ടിവന്നതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം.
തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നാണ് ഹൈക്കോടതി നിർദേശം. പൂരത്തിനെത്തുന്നവർ ആനകൾക്ക് അടുത്തു നിന്ന് എട്ടു മീറ്റർ അകലം പാലിക്കണം. ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിൻ്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.