‘പണം ഇല്ല, ഇല്ല എന്നു പറയാൻ ഒരു സർക്കാർ എന്തിന്?’; എംവി ഗോവിന്ദന്‍, മുകേഷ്, ഇപി, എകെ ബാലൻ ഉൾപ്പെടെയുള്ള നേതാക്കളെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കൊല്ലം ജില്ലാ സമ്മേളനം

‘പണം ഇല്ല, ഇല്ല എന്നു പറയാൻ ഒരു സർക്കാർ എന്തിന്?’; എംവി ഗോവിന്ദന്‍, മുകേഷ്, ഇപി, എകെ ബാലൻ ഉൾപ്പെടെയുള്ള നേതാക്കളെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കൊല്ലം ജില്ലാ സമ്മേളനം

കൊല്ലം സിപിഎം ജില്ലാ സമ്മേളനത്തിൽ സര്‍ക്കാരിനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എം മുകേഷ് എംഎൽഎ, ഇപി ജയരാജൻ അടക്കമുള്ള നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം. മൈക്ക് ഓപ്പറേറ്റിങ് തൊഴിലാളിയുടെ മെക്കിട്ടു കയറിയത് ശരിയോ എന്ന ചോദ്യമുയർന്നു. ഇപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായി, മുകേഷിനെ എന്തിന്, ആരുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിയാക്കി തുടങ്ങിയ വിമർശനങ്ങൾ ഉയർന്നു. വികസന ക്ഷേമപദ്ധതികൾക്ക് പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണെന്നും പ്രതിനിധികൾ ചോദിച്ചു.

തിരഞ്ഞെടുപ്പുവേളയിൽ എകെ ബാലന്‍റെ ‘മരപ്പട്ടി’ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. എംഎല്‍എ ആയ എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വി ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാമെങ്കില്‍ എന്തുകൊണ്ട് പഞ്ചായത്തംഗമായ പ്രവര്‍ത്തകന് ലോക്കല്‍ സെക്രട്ടറി ആകാന്‍ പാടില്ലെന്നും പ്രതിനിധികള്‍ ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായെന്നും വിമര്‍ശനമുണ്ടായി.

എം മുകേഷ് എംഎൽഎയുടെ സ്ഥാനാര്‍ഥിത്വത്തെയും വിമര്‍ശിച്ച സമ്മേളനത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകേഷിനെ എന്തിന്, ആരുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിയാക്കി എന്നായിരുന്നു ചടയമംഗലത്ത് നിന്നുള്ള പ്രതിനിധികളുടെ ചോദ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് സ്ഥാനാർഥിയാക്കിയത്. ജനപ്രതിനിധികള്‍ക്ക് ഇരട്ട നീതിയാണോയെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ ചോദിച്ചു. രാത്രികാലങ്ങളില്‍ മുകേഷ് പ്രചാരണത്തിന് എത്തിയില്ല. പാര്‍ട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ല. നേതാക്കള്‍ തലക്കനം കാട്ടി നടക്കരുത്. ലാളിത്യം ഉണ്ടാകണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സീതാറാം യച്ചൂരി അന്തരിച്ച ശേഷം പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ശ്രീലങ്കയിൽ കമ്യൂണിസ്‌റ്റുകാർ അധികാരം പിടിച്ചെന്ന് എംഎ ബേബി പറയുമ്പോൾ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടിക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്നും ചോദ്യം ഉയർന്നു. പലസ്തീന്‍ വിഷയത്തില്‍ എം സ്വരാജും കെകെ ശൈലജയും സമൂഹ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചെന്നും ചിലര്‍ ചൂണ്ടികാട്ടി.

ഗുണഭോക്താക്കളെ എഎവൈ പദ്ധതിയിലേക്ക് മാറ്റുന്നത് പരോക്ഷമായി ബിജെപിയെ സഹായിക്കലാണെന്നും പ്രതിനിധികള്‍. സംസ്‌ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചും വിമർശനം ഉയര്‍ന്നു. ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച രാഷ്ട്രീയ സംഘടന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിൽ പങ്കെടുത്ത ഏഴു കമ്മിറ്റികളിൽ എന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. പതിനേഴ് ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 450 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പൊതു ചർച്ച തുടരും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *