കൊച്ചിയിൽ ഇന്ന് 50ലധികം സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേരും. എറണാകുളം ഡിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം പ്രവർത്തകർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രവർത്തകരെ സ്വീകരിക്കും. കുറച്ചു കാലമായി സിപിഎമ്മിൽ നിന്ന് അകന്നു നിൽക്കുന്ന സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എല്‍ സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്.
തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും പ്രതിപക്ഷ നേതാവില്‍ നിന്ന് ഇവർ അംഗത്വം സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. വിമത പ്രശ്നങ്ങൾ നിലനിൽക്കുകയും ഒട്ടേറെ പേർ പാർട്ടി വിടുകയും ചെയ്ത മേഖലയാണ് ഉദയംപേരൂർ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജിന്റെ പരാജയത്തിന് ഉദയംപേരൂരിൽ ലഭിക്കാതെ പോയ പാർട്ടി വോട്ടുകൾ കാരണമായെന്ന് സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ വിലയിരുത്തിയിരുന്നു. തുടർന്നുണ്ടായ തർക്കങ്ങളും ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്കിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലവിലെ പ്രശ്നങ്ങൾക്ക് കാരണമായെന്നാണ് സൂചനകൾ. കോൺഗ്രസിൽ എത്തിയാൽ സുരേഷിനു ഡിസിസി സെക്രട്ടറി സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.