ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെ നിയമപരമായും ജനകീയ പ്രതിഷേധമുയര്‍ത്തിയും ശക്തിയായി ചെറുക്കും; ആഞ്ഞടിച്ച് സിപിഎം

ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെ നിയമപരമായും ജനകീയ പ്രതിഷേധമുയര്‍ത്തിയും ശക്തിയായി ചെറുക്കും; ആഞ്ഞടിച്ച് സിപിഎം

സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്കാലിക വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തെ നിയമപരമായും ജനകീയ പ്രതിഷേധമുയര്‍ത്തിയും ശക്തിയായി ചെറുക്കും

കെടിയുവില്‍ ഡോ. കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ ഡോ. സിസ തോമസിനേയും നിയമിച്ചത് സര്‍വ്വകലാശാല ചട്ടങ്ങളേയും, ഇത് സംബന്ധിച്ച കോടതി നിര്‍ദേശങ്ങളേയും, കീഴ്വഴക്കങ്ങളേയും ലംഘിച്ചാണ്. നേരത്തെ കെടിയുവില്‍ സിസ തോമസിനെ താല്‍കാലിക വിസിയായി നിയമച്ചപ്പോള്‍ തന്നെ കോടതി തടഞ്ഞതാണ്. അത് സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് ഗവര്‍ണര്‍ സമീപിച്ചപ്പോള്‍ പഴയ ഉത്തരവ് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. അതായത്, കെടിയുവില്‍ സര്‍വ്വകലാശാല നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമേ ചാന്‍സലര്‍ക്ക് നിയമിക്കാന്‍ അധികാരമുള്ളു. ഡിജിറ്റല്‍ സര്‍വ്വകലാശാലയിലും ഇത് ബാധകമാണ്.

എന്നാല്‍, സര്‍ക്കാര്‍ കൊടുത്ത പട്ടിക പരിഗണിക്കാതെയാണ് ഇപ്പോള്‍ തന്നിഷ്ടപ്രകാരം ഇവരെ നിയമിച്ചത്. ഹൈക്കോടി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയും മുന്‍പേ അത് ലംഘിച്ച് വിസിമാരെ നിയമിച്ചത് കടുത്ത ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. നിയമവിരുദ്ധമായി മനപ്പൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുകയും കോടതിവ്യവഹാരങ്ങള്‍ വഴി സര്‍വ്വകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചാന്‍സലര്‍ ചെയ്യുന്നത്.

സര്‍ക്കാരിന്റെയോ സര്‍വ്വകലാശാലയുടെയൊ താല്‍പര്യം നോക്കാതെയാണ് അടുത്തിടെ ആരോഗ്യ സര്‍വ്വകലാശാല വിസിക്ക് നിയമനം നീട്ടി നല്‍കിയത്. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ പാടെ ഹനിച്ചുകൊണ്ട് സംഘപരിവാര്‍ താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ച് വിസിമാരെ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ല.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള കടുത്ത പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഒരുതരത്തിലും ഈ മേഖല മെച്ചപ്പെടാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ ഇടപെടുന്ന ഗവര്‍ണര്‍ ഇവിടുത്തെ വിദ്യാഭ്യാസ – തൊഴില്‍ മേഖലയെ നിരന്തരം പരിഹസിക്കുകയാണ്. ഗവര്‍ണറുടെ ഈ നിയമവിരുദ്ധ നടപടിയെ സംബന്ധിച്ച് യുഡിഎഫ് നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *