ഹാർദിക് പാണ്ഡ്യയെ ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഹാർദിക് ക്യാപ്റ്റനായി എത്തുന്നത്. ജൂണിൽ ടി20 ലോകകപ്പ് വിജയസമയത്ത് അദ്ദേഹം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു. എന്നാൽ, സൂര്യകുമാർ യാദവിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് ബിസിസിഐ അപ്രതീക്ഷിത കോൾ നടത്തി. അടുത്തിടെ ഒരു ആശയവിനിമയത്തിനിടെ, ക്യാപ്റ്റൻസിക്കായി ഹാർദിക്കിനെ അവഗണിച്ചത് ശരിയായില്ല എന്ന് ഹർഭജൻ പറഞ്ഞു.
“ഞാൻ ആശ്ചര്യപ്പെട്ടു, ഒരു പരിധി വരെ ഞാൻ നിരാശപ്പെട്ടു. ഹാർദിക് നിങ്ങളുടെ വൈസ് ക്യാപ്റ്റൻ ആയിരുന്നു… രോഹിത് ശർമ്മ ക്യാപ്റ്റൻ അല്ലാത്തപ്പോൾ നിങ്ങളുടെ വൈസ് ക്യാപ്റ്റൻ ക്യാപ്റ്റൻ ആകും. എന്നാൽ ഫിറ്റ്നസ് നോക്കിയാൽ നിങ്ങൾക്ക് ഒരാളെ നായകനാക്കാൻ പറ്റില്ല. വർഷം മുഴുവനും ടി20 ഐ ക്രിക്കറ്റ് ഇല്ല,” ഹർഭജൻ സ്പോർട്സ് യാരിയോട് പറഞ്ഞു.
നായകസ്ഥാനം നഷ്ടപ്പെടുന്നത് ഹാർദിക്കിന് വലിയ തിരിച്ചടിയായിരിക്കുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
“ടി 20 ലോകകപ്പ് നേടിയ ശേഷമാണ് ഹാർദിക് വന്നത്. എന്നിട്ടും ഒഴിവാക്കിയത് ശരിയയായ രീതി അല്ല. എനിക്ക് സൂര്യകുമാർ യാദവിനോട് വലിയ ബഹുമാനമുണ്ട്. മികച്ച കളിക്കാരൻ, മഹാനായ വ്യക്തിയാണ് അവൻ. വളരെ നിസ്വാർത്ഥനാണ്. എന്നിരുന്നാലും ഹാർദികിനോട് കാണിച്ചത് ഒട്ടു ശരിയായില്ല.”
വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണും ജിതേഷ് ശർമ്മയും ടീമിൽ ഇടംപിടിച്ചു. ശ്രീലങ്കൻ ടി20യിൽ തിരഞ്ഞെടുക്കപ്പെടാത്ത യുവ ഇടംകൈയ്യൻ ഓപ്പണർ അഭിഷേക് ശർമ്മ ടീമിൽ തിരിച്ചെത്തി. റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരായിരിക്കും അദ്ദേഹത്തിനൊപ്പമുള്ള താരങ്ങൾ. ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ എന്നിവരെ ഓൾറൗണ്ടർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രവി ബിഷ്‌ണോയി, വരുൺ ചക്കരവർത്തി എന്നിവരെ സ്പിന്നർമാരായി തിരഞ്ഞെടുത്തപ്പോൾ ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ് എന്നിവരെ സീമർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി ബിസിസിഐ കഴിഞ്ഞ ആഴ്ച 15 അംഗ ടീമിനെ പ്രഖ്യാപിച്ചു, സൂര്യകുമാറാണ് ടീമിനെ നയിക്കുക. മൂന്ന് മത്സരങ്ങൾ ഒക്ടോബർ 6 (ഗ്വാളിയോർ), ഒക്ടോബർ 9 (ന്യൂഡൽഹി), ഒക്ടോബർ 12 (ഹൈദരാബാദ്) തീയതികളിൽ നടക്കും.