ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഒക്ടോബർ 11 വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് ഒക്ടോബർ 17 മുതൽ ബെംഗളൂരു എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അടുത്തിടെ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വിജയിച്ച അതേ ടീമിനെ നിലനിർത്തി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജസ്പ്രീത് ബുംറയാണ് ടെസ്റ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. ദീർഘകാലമായി ടെസ്റ്റ് ഫോർമാറ്റിൽ നടത്തുന്ന ഗംഭീർ പ്രകടനങ്ങൾക്ക് കിട്ടിയ പ്രതിഫലമാണ് താരത്തിന് കിട്ടിയ അംഗീകാരമെന്ന് പറയാം. അടുത്തിടെ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ രവിചന്ദ്രൻ അശ്വിനെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ബുംറ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളിൽ നിന്ന് 12.81 ശരാശരിയിൽ 11 വിക്കറ്റുമായി ജസ്പ്രീത് ബംഗ്ലാദേശ് പരമ്പരയിൽ മികവ് കാണിച്ചിരുന്നു.
മുതുകിലെ ശസ്ത്രക്രിയയ്ക്ക് ശേഷം 2023 ഓഗസ്റ്റിൽ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയതുമുതൽ, സ്പീഡ്സ്റ്റർ ഫോർമാറ്റുകളിലുടനീളം ഇന്ത്യൻ ബോളിങ്ങിനെ നയിക്കുക ആണ്. ആകെ 38 ടെസ്റ്റുകളിൽ നിന്ന് 20.18 ശരാശരിയിൽ 170 വിക്കറ്റുകൾ 30 കാരനായ താരം നേടിയിട്ടുണ്ട്.
2022 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ബുംറ ഇന്ത്യയെ നയിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ടീം : രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (ഡബ്ല്യുകെ), ധ്രുവ് ജുറൽ (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് , മുഹമ്മദ് സിറാജ്, ആകാശ് ദീപ്.