ഇന്നലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത തീരുമാനത്തെയും, യാതൊരു ഉത്തരവാദിത്വവും കാണിക്കാത്ത ഇന്ത്യൻ സീനിയർ ബാറ്റർമാരുടെ സമീപനത്തെയും പലരും ട്രോളിയിരുന്നു. വെറും 46 റൺസിനാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്. പെട്ടെന്ന് തന്നെ അവസാനിച്ച ആദ്യ ഇന്നിങ്സിന് ശേഷം കണ്ടത് കിവീസിന്റെ വെടിക്കെട്ട് മറുപടിയാണ് കണ്ടത്.
കിവീസിനെ സംബന്ധിച്ച് അവർ നടത്തിയ ഹോംവർക്കിന്റെ ലക്ഷണം തന്നെയാണ് ഇന്ത്യക്ക് കൊടുത്ത മറുപടിയെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാൻ സാധിക്കും. ഇന്ത്യയിൽ സമീപകാലത്ത് മറ്റ് ടീമുകൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഏതാണോ, അവർക്ക് വന്ന കുറവുകൾ ഏതാണോ ആ ഏരിയയിൽ എല്ലാം അവർ നല്ല രീതിയിൽ വർക്ക് ചെയ്തു. കൗണ്ടർ അറ്റാക്കിങ് ബാറ്റിംഗിലൂടെ ഇന്ത്യക്ക് പണി കൊടുക്കുകയും ചെയ്തു.
അതെ സമയം എടുത്ത് പറയേണ്ടത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അപകടകരമായ ഒരു വശമാണ്. ടീമുകൾ വിദേശ താരങ്ങളുമായി നീണ്ട വര്ഷങ്ങളിലേക്കുള്ള കരാർ ഏർപ്പെടുകയും മറ്റ് രാജ്യങ്ങളിൽ നടക്കുന്ന ലീഗിൽ പോലും അവരെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്ന കാലഘട്ടമാണ് ഇത്. അതിന്റെ ഒരു ബുദ്ധിമുട്ട് കുറച്ചുനാളുകൾ മുമ്പുതന്നെ വലിയ രീതിയിൽ ചർച്ച ആയതാണ്. ഇന്ത്യൻ സാഹചര്യങ്ങളുമായി ഒരുപാട് ബന്ധപെടുന്നതിനാൽ തന്നെ അവർക്ക് ഇന്ത്യൻ ബോളര്മാരെയും പിച്ചും മറ്റ് സാഹചര്യങ്ങളും ഒരുപാട് പരിചിതം ആണ്. ഇത് അന്താരാഷ്ട്ര മത്സരം കളിക്കുമ്പോൾ പോലും അവരെ സഹായിക്കുന്നു.
ചെന്നൈ സൂപ്പർ കിങ്സിന്റെ അക്കാദമിയിലും അവരുടെ ട്രാക്കുകളിലും പരിശീലിക്കാൻ അവസരം കിട്ടിയ താരം ആണ് രചിൻ രവീന്ദ്ര. കിവി താരം രവീന്ദ്ര തന്നെയാണ് ഇന്ന് ഇന്ത്യക്ക് എതിരെ സെഞ്ച്വറി നേടിയത്. ബാംഗ്ലൂർ ട്രാക്കിൽ ഒരുപാട് തവണ മികച്ച പ്രകടവും നടത്തിയിട്ടുള്ള കോൺവെ, രവീന്ദ്ര തുടങ്ങിയവർ നാട്ടിൽ ഏത് മികച്ച ബാറ്റർക്കും ഭീഷണിയായ ഇന്ത്യൻ സ്പിന്നര്മാരായ അശ്വിൻ, ജഡേജ തുടങ്ങിയവരെ വളരെ ഈസി ആയിട്ടാണ് കളിക്കുന്നത്.
ശരിക്കും പറഞ്ഞാൽ ടി 20 യിലൊക്കെ കാണുന്ന തരത്തിലുള്ള തൂക്കിയടിയാണ് ഇന്ന് കണ്ടത്. ഇതിന് ചെന്നൈ സൂപ്പർ കിംഗ്സ് നൽകിയ പരിശീലനം അവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ സ്പിന്നര്മാരെ വളരെ ഈസി ആയിട്ട് ഈ കാലഘട്ടത്തിൽ ഒരു വിദേശ താരവും നേരിട്ടിട്ടില്ല, പ്രത്യേകിച്ച് അശ്വിനെയൊക്കെ. ചെന്നൈ താരങ്ങൾ തന്നെ ഇന്ത്യക്ക് പാര ആകുമ്പോൾ അവിടെ മറ്റൊരു ചോദ്യം പ്രസക്തം ആകുകയാണ്. നമ്മുടെ ഏതെങ്കിലും ഫാസ്റ്റ് ബോളർക്ക് ഓസ്‌ട്രേലിയയിലോ, സൗത്താഫ്രിക്കയിലോ ഇത്തരത്തിൽ പരിശീലനം നടത്താൻ പറ്റുമോ? അവരുടെ കുഴി തോണ്ടാൻ അവർ അനുവദിക്കുമോ?