മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം. കേസിൻ്റെ വിധി വിശദമായി പഠിച്ച ശേഷം അപ്പീൽ പോകുമെന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിവി രമേശൻ പറഞ്ഞു. കോടതിയിൽ കഴിയാവുന്ന തെളിവുകളെല്ലാം ഹാജരാക്കിയിരുന്നു. സുരേന്ദ്രനെതിരെ ഏതറ്റം വരെയും പോവും. മേൽക്കോടതിയിൽ പോയി ജനങ്ങൾക്ക് മുന്നിൽ സത്യം തെളിയിക്കുമെന്നും വിവി രമേശൻ പറഞ്ഞു.
അതേസമയം വിധി വന്നതിന് പിന്നാലെ ‘സത്യമേവ ജയതേ…’ എന്ന് കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിനായി മത്സരിച്ച സ്ഥാനാർഥി കൊടുത്ത കേസാണിത്. പിന്നീട് സുന്ദര കേസിൽ കക്ഷി ചേരുകയായിരുന്നു. വലിയ ഗൂഢാലോചന നടന്നു. സിപിഎം, കോൺഗ്രസ്, ലീഗ് നേതാക്കൾ ഗൂഢാലോചനയിൽ പങ്കാളികളാണ്. തന്നെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും ബിജെപിയെ താറടിക്കാനുമാണ് ഗൂഢാലോചന നടത്തിയത്. ഇതെല്ലാം കോടതിക്ക് ബോധ്യമായതായും കെ സുരേന്ദ്രൻ പറഞ്ഞു.
സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. കോടതിയുടെ നിർദ്ദേശ പ്രകാരം കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠൻ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.