ആലപ്പുഴ മാന്നാറില്‍ ഭാര്യയെ മകളുടെ മുന്നില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുട്ടികൃഷ്ണനെ വധശിക്ഷയ്ക്ക് വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി.
2004ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഏപ്രില്‍ രണ്ടിന് പകല്‍ 3ന് ആയിരുന്നു ക്രൂര കൃത്യം അരങ്ങേറിയത്. ജയന്തിയെ സംശയമായിരുന്ന കുട്ടികൃഷ്ണന്‍ ഒന്നേകാല്‍ വയസ് മാത്രം പ്രായമുണ്ടായിരുന്ന മകളുടെ മുന്നില്‍ വച്ച് ജയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കത്തി, ഉളി, ചുറ്റിക എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. സംഭവത്തിന് പിന്നാലെ അടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കണ്ടെത്തുന്നത്.
തുടര്‍ന്ന് കേസില്‍ ജാമ്യം നേടിയ കുട്ടികൃഷ്ണന്‍ ഒളിവില്‍ പോകുകയായിരുന്നു. ദീര്‍ഘകാലം ഒളിവില്‍ തുടര്‍ന്ന പ്രതിയെ 2023ല്‍ ആണ് പൊലീസിന് പിടികൂടാനായത്.