വത്തിക്കാന്‍ ഒരുങ്ങി, മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേര്‍ ഇന്ന് കര്‍ദിനാള്‍മാരാകും; സാന്ത അനസ് താസിയ ബസിലിക്കയില്‍ നാളെ മലയാളത്തില്‍ കുര്‍ബാന; ചരിത്രനിമിഷത്തില്‍ ഭാരത സഭ

വത്തിക്കാന്‍ ഒരുങ്ങി, മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേര്‍ ഇന്ന് കര്‍ദിനാള്‍മാരാകും; സാന്ത അനസ് താസിയ ബസിലിക്കയില്‍ നാളെ മലയാളത്തില്‍ കുര്‍ബാന; ചരിത്രനിമിഷത്തില്‍ ഭാരത സഭ

കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഇന്ന് നടക്കും. മാര്‍ കൂവക്കാട്ടിനൊപ്പം 20 പേര്‍കൂടി കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടും. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വത്തിക്കാന്‍ സമയം ഇന്ന് വൈകുന്നേരം നാലിനു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ചടങ്ങുകള്‍.

കേരളത്തില്‍നിന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയു ള്ളവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും.

തിരുക്കര്‍മങ്ങള്‍ക്കുശേഷം നവ കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വത്തിക്കാന്‍ സമയം രാവിലെ 9.30ന് മാതാവിന്റെ അമലോത്ഭവ തിരുനാളിന്റെ ഭാഗമായ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍പാപ്പയോടൊപ്പം നവ കര്‍ദിനാള്‍മാരും കാര്‍മികത്വം വഹിക്കും.

സീറോമലബാര്‍ സഭയില്‍നിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാര്‍മികരാകും.

ഞായറാഴ്ച വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാര്‍ ബസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ മലയാളത്തില്‍ കൃതജ്ഞതാബലിയര്‍പ്പണവും തുടര്‍ന്ന് സ്വീകരണ സമ്മേളനവും നടത്തും.

മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിസംഘത്തെ കേന്ദ്രസര്‍ക്കാര്‍ വത്തിക്കാനിലേക്ക് അയച്ചു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വത്തിക്കാനിലേക്കു പുറപ്പെട്ടത്.

കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്‌നാം സിംഗ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ള മറ്റുള്ളവര്‍. പ്രതിനിധിസംഘം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഭാരതസഭയില്‍ വൈദികപദവിയില്‍നിന്ന് കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ആദ്യ വ്യക്തിയാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *