പുതിയതായി സ്റ്റോപ്പ് അനുവദിച്ച ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ പോയി കൊല്ലം- എറണാകുളം മെമു ട്രെയിൻ. മെമുവിനെ സ്വീകരിക്കാനായി എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയും രാഷ്ട്രീയ നേതാക്കളും ഒപ്പം യാത്രക്കാരും ട്രെയിൻ നിർത്താതെ പോയതോടെ വലഞ്ഞു. ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചത്.
രാവിലെ 7.15 ഓടു കൂടി കൊടിക്കുന്നിൽ സുരേഷ് എംപിയും ഉൾപ്പെടെയുള്ളവർ മെമുവിനെ കാത്ത് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. നിരന്തരം ആവശ്യമുന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. ട്രെയിൻ നിർത്താതെ വന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.
സംഭവത്തിൽ റെയിൽവേ അധികൃതർ പ്രതികരിച്ചു. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്. 11.50ന് തിരികെ വരുമ്പോൾ മുതൽ ട്രെയിൻ ചെറിയനാട് നിർത്തുമെന്നും അവർ അറിയിച്ചു.